ചിറ്റാരിപ്പറമ്പ്: അദ്ഭുതസിദ്ധിയുള്ള ജോത്സ്യനാണന്ന് അവകാശപ്പെട്ട ആളുടെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ച വിദ്യാര്‍ഥിയുടെ കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റെന്ന പരാതിയില്‍ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പരാതിക്കാരനായ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചാന്ദ് കൂത്തുപറമ്പ് 'ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചശേഷം കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

പരാതി പ്രകാരം കണ്ണവം പോലീസ് കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരേ കേസെടുത്തു. പുതിയ വീട് നിര്‍മിക്കാനായി കുറ്റിയടിക്ക് മൂഹൂര്‍ത്തം നോക്കാനാണ് മൊബിന്‍ ചാന്ദ് ജ്യോതിഷാലയത്തില്‍ എത്തിയത്. മൊബിനുമായി അടുത്ത ബന്ധം സ്ഥാപിച്ച ജ്യോത്സ്യന്‍ മൊബിന്റെ വീട്ടില്‍ വരുന്നത് പതിവാക്കിയിരുന്നു.

വാഹനാപകടത്തില്‍ മൊബിന്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭാര്യയെയും ബന്ധുക്കളെയും മറ്റും ഭയപ്പെടുത്തി വിശ്വസിപ്പിച്ചു.

അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആദിവാസികളില്‍നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡരത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് കൂടാതെ ഭാവിയില്‍ മകന് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ ഉന്നതവിജയം നേടാന്‍ തങ്കഭസ്മം പാലില്‍ കലക്കിക്കുടിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മിയന്ത്രം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.

ഗരുഡരത്‌നത്തിന് 10 ലക്ഷം രൂപയും തങ്കഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മിയന്ത്രത്തിന് 50,000 രൂപയും ഉള്‍പ്പെടെ 11,75,000 രൂപ ജ്യോത്സ്യന്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു. ജ്യോത്സ്യന്റെ കണ്ണവത്തെ ഓഫീസില്‍വെച്ച് പണം കൈമാറാം എന്ന് പറഞ്ഞതിനാല്‍ മൊബില്‍ കണ്ണവം ടൗണില്‍ എത്തിയിരുന്നു. എന്നാല്‍ കാറില്‍വെച്ചാണ് പണം കൈമാറിയത്.കണ്ണവത്ത് ഓഫീസ് ഉണ്ടായിരുന്നില്ല. ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.