ചട്ടഞ്ചാല്‍(കാസര്‍കോട്) : സാമൂഹികമാധ്യമത്തിലൂടെയുള്ള ചാറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി സഫ ഫാത്തിമ ആത്മഹത്യചെയ്ത സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

ആരോപണത്തില്‍ കൃത്യമായ വിവരം ഉറപ്പാക്കാന്‍ പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. ആത്മഹത്യയിലേക്കെത്തിച്ച സാഹചര്യത്തെപ്പറ്റി പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് വ്യക്തമായ മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി നടന്ന ചാറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈബര്‍സെല്ലില്‍നിന്ന് ഉടന്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൃത്യമായ അന്വേഷണം വേണം

ചട്ടഞ്ചാല്‍: സാമൂഹിക മാധ്യമത്തിലൂടെയുള്ള ചാറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സഫ ഫാത്തിമ ആത്മഹത്യചെയ്ത സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവിലുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ അതത് വിദ്യാലയങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ഇതിനായി എം.എസ്.എഫ്. മുന്നിട്ടിറങ്ങുമെന്നും പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്യണമെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ടി.ഡി.കബീര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശംസുദ്ധീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍ എന്നിവര്‍ സഫയുടെ വീട് സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)