മഞ്ചേശ്വരം: മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയെ കൊലപ്പെടുത്തുമ്പോള്‍ ധരിച്ച പാന്റ്സും ടീഷര്‍ട്ടും കത്തിച്ചുകളഞ്ഞുവെന്ന് മുഖ്യപ്രതിയുടെ മൊഴി. രൂപശ്രീയുടെ സഹപ്രവര്‍ത്തകനും അധ്യാപകനുമായ വെങ്കിട്ടരമണയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. വീട്ടുവളപ്പില്‍ത്തന്നെയാണ് കത്തിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

രാസവസ്തുകലര്‍ന്ന വെള്ളം വീപ്പയില്‍നിന്ന് തെറിച്ചുവീണതിനാലാണ് കത്തിച്ചതെന്നാണ് മൊഴി. എന്നാല്‍ വെങ്കിട്ടരമണയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. കത്തിച്ചവയുടെ കൂട്ടത്തില്‍ രൂപശ്രീയുടെ വസ്ത്രങ്ങളുമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു.

മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളിലും പ്രതികള്‍ നല്‍കിയ മൊഴിയിലും ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പോലീസിന്റെ അനുമാനം. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ ഇതിലെല്ലാം വ്യക്തതലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ.സതീഷ്‌കുമാര്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും.

Content Highlights: kasargod b rupasree murder case; venkitaramana's statement