കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിൽ സഹോദരിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ആൽബിന്റെ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. കോഴിക്കോട്ടുള്ള കാമുകിയടക്കം നിരവധിപേർ ആൽബിന്റെ സൗഹൃദവലയത്തിലുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെല്ലാം തങ്ങളുടെ നിരീക്ഷണത്തിലാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

ഫെയ്സ്ബുക്ക് വഴിയാണ് കോഴിക്കോട് സ്വദേശിയും അകന്ന ബന്ധുവുമായ പെൺകുട്ടിയുമായി ആൽബിൻ കൂടുതൽ അടുത്തത്. എന്നാൽ ആൽബിന്റെ സ്വഭാവദൂഷ്യം കാരണം അടുത്തിടെയായി അകലം പാലിച്ചിരുന്നുവെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. ഇത്തരമൊരു കൃത്യം നടത്തുന്നതിനെക്കുറിച്ചോ മറ്റു വിവരങ്ങളോ തനിക്കറിയില്ലെന്നും ഇവർ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി സുഖമായി ജീവിക്കുക എന്നതായിരുന്നു ആൽബിന്റെ ലക്ഷ്യം. അതിനാൽ ഏതെങ്കിലും സുഹൃത്തുക്കൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും മൊബൈൽ ഫോൺ വഴിയും നിരവധി പേരുമായി ആൽബിൻ സൗഹൃദം സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

രാത്രി വൈകുംവരെ മൊബൈലിൽ മുഴുകിയിരുന്ന ആൽബിൻ മയക്കുമരുന്നിന് അടിമയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും.

എലിവിഷം കലർത്തിയ ഐസ്ക്രീം കഴിച്ച് അവശനിലയിലായ ആൽബിന്റെ സഹോദരി ആൻമേരി(16) ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിൽവെച്ച് മരിച്ചത്. ഇതേ ഐസ്ക്രീം കഴിച്ച പിതാവ് ബെന്നി ഇപ്പോഴും ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് പുതിയ വിവരം.

Content Highlights:kasargod ann mary ice cream poison murder case follow up about investigation