ആദൂർ(കാസർകോട്): തൊഴിലാളിവേഷത്തിലെത്തിയ എസ്.ഐ. അനധികൃത മണൽക്കടത്ത് തോണികൾ പിടികൂടി. ആദൂർ എസ്.ഐ. രത്നാകരൻ പെരുമ്പളയാണ് തൊഴിലാളിവേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂർക്കടവിൽ അനധികൃത മണൽക്കടത്ത് പിടിച്ചത്. രണ്ട് തോണികൾ നശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഈ ഭാഗത്ത് കളക്ടറുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരും പോലീസും പരിശോധന നടത്തി മണൽക്കടത്ത് പിടിച്ചിരുന്നു. നാല് തോണികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും മണൽ കടത്തുന്ന വിവരത്തെത്തുടർന്നാണ് എസ്.ഐ. തൊഴിലാളിവേഷത്തിലെത്തിയത്.

മറ്റൊരു തൊഴിലാളിയുടെ സഹായത്തോടെ തോണിയിലെത്തിയാണ് മണൽക്കടത്ത് പിടിച്ചത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന പഴയ തോണികൾ വാങ്ങിയാണ് പ്രദേശത്തെ മണൽക്കടത്തുകാർ ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

Content Highlights:kasargod adhoor si seized boats and illegal sand mining