കാഞ്ഞങ്ങാട്: രണ്ടാഴ്ച മുന്‍പ് കൂളിയങ്കാലിനു സമീപം വാഹനമിടിച്ച് ലോട്ടറി വില്പനക്കാരന്‍ തോയമ്മല്‍ സ്വദേശി സുധീഷ് (37) മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനവും പ്രതിയെയും പോലീസ് കണ്ടെത്തി. വാഹന ഡ്രൈവര്‍ അഞ്ചരക്കണ്ടി സ്വദേശിയും കാസര്‍കോട് സര്‍വേവകുപ്പ് ജീവനക്കാരനുമായ പ്രജിത്തിനെ (47) അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വാഹനവും പ്രതിയെയും കണ്ടെത്തിയത്.

തെളിവ് രണ്ട് ചില്ലുകഷണങ്ങള്‍

വാഹനമിടിച്ചിട്ട സ്ഥലത്ത് തെളിവായി അവശേഷിച്ച രണ്ട് ചില്ലുകഷണങ്ങളില്‍നിന്നാണ് അന്വേഷണത്തിന്റെ തുടക്കം. ഹെഡ് ലൈറ്റിന്റെ പൊട്ടിയ രണ്ട് കഷണങ്ങളായിരുന്നു ഈ നിര്‍ണായക തെളിവുകള്‍. ചില്ലുകഷണങ്ങളുമായി വര്‍ക്ക്‌ഷോപ്പുകള്‍ കയറിയിറങ്ങിയ പോലീസ് ഏതു മോഡല്‍ വാഹനത്തിന്റെതാണ് ഇത്തരം ഹെഡ് ലൈറ്റുകള്‍ എന്ന് കണ്ടെത്തി. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച മോഡല്‍ കാറും ചില്ലുകഷണ തെളിവ് ശരിവെക്കുന്നതായിരുന്നു.

പോലീസിന്റെ അടുത്തനീക്കം ഇതിലും കഠിനമായിരുന്നു. സംഭവം നടന്ന ദിവസം രാത്രി അതുവഴി വന്ന 'ഇടിച്ച മോഡല്‍' കാര്‍ കണ്ടെത്താന്‍ റോഡരികിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയായിരുന്നു ഇത്. ഇതിനായി തെക്കുഭാഗത്തുനിന്നും വാഹനം കടന്നുവരാന്‍ സാധ്യതയുള്ള വഴികളിലൂടെയാണ് പോലീസ് പിറകോട്ട് സഞ്ചരിച്ചത്. കൂളിയങ്കാല്‍ മുതല്‍ ജില്ലാ അതിര്‍ത്തിയും കടന്ന് കണ്ണപുരംവരെയുള്ള 120 ക്യാമറകളിലെ ദൃശ്യങ്ങളാണ് തിരഞ്ഞത്. അന്വേഷണത്തില്‍ പിലാത്തറക്കടുത്ത കെ.എസ്ടി.പി. ദേശീയപാത കവലയിലെയും പഴയങ്ങാടി പാലത്തിനടുത്തെയും ക്യാമറക്കണ്ണുകളില്‍ 'ഇടിച്ച മോഡല്‍' കാര്‍ കുടുങ്ങി.

വണ്ടി നമ്പര്‍തേടിയുള്ള അന്വേഷണം ചെന്നെത്തിയത് കാസര്‍കോട് സര്‍വേവകുപ്പിലെ ജീവനക്കാരനിലായിരുന്നു. പ്രതി തെളിവുനശിപ്പിക്കാനായി നടത്തിയ ശ്രമങ്ങളും അന്വേഷണത്തിന് വെല്ലുവിളിയായി. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ പ്രതി വണ്ടിക്ക് നടത്തിയ അറ്റകുറ്റപ്പണികളും മറ്റ് തെളിവുകളും പോലീസിനൊപ്പം നിന്നു.

വാഹനമിടിച്ച് പരിക്കേറ്റ യുവാവിനെ അരക്കിലോമീറ്റര്‍ അപ്പുറത്തുള്ള ജില്ലാ ആസ്പത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനെ. തീര്‍ത്തും മനുഷ്യത്വരഹിതമായി പെരുമാറിയ പ്രതിക്ക് ഉചിതമായ ശിക്ഷ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി ശേഖരിച്ച തെളിവുകളുടെ ഫൊറന്‍സിക് പരിശോധന നടത്തി. സംഭവം നടന്ന് 16 ദിവസത്തിനുള്ളില്‍ പ്രതിയെ കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് പോലീസ്. എസ്.ഐ.മാരായ വിനോദ് കുമാര്‍, രാമചന്ദ്രന്‍, എ.എസ്.ഐ. പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. അജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.