ഹരിപ്പാട്: ലോക്കർ പൊളിക്കുന്നതിനിടെ ഗ്യാസ് കട്ടറിന്റെ പുകയും ചൂടും നിമിത്തം ബോധക്ഷയമുണ്ടായതായി കരുവാറ്റ ബാങ്ക് കവർച്ചക്കേസിലെ ഒന്നാംപ്രതി ആൽബിൻ രാജ് (ഷൈജു-38) മൊഴി നൽകി. രണ്ടാംപ്രതി ഷൈബു (അപ്പുണ്ണി-39)വിനൊപ്പം ബാങ്കിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആൽബിൻ രാജ് ഇക്കാര്യം പറഞ്ഞത്. ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

ഓഗസ്റ്റ് 29-ന് രാത്രിയാണ് ആൽബിൻരാജും ഷൈബുവും ചേർന്ന് ഗ്യാസ് കട്ടറും ഗ്യാസ് സിലിൻഡറും കരുവാറ്റ സഹകരണബാങ്കിനുസമീപം വാനിലെത്തിച്ചത്. രാത്രി ലോക്കർ പൊളിച്ചുതുടങ്ങിയെങ്കിലും പൂർത്തിയായില്ല. പുലർച്ചേ നാലരയോടെ പുറത്തിറങ്ങി ഷൈബുവിനൊപ്പം ബൈക്കിൽ മടങ്ങി. രണ്ടാംദിവസം രാത്രിയിൽ അകത്തുകയറി ലോക്കർ പൊളിക്കുന്നതിനിടെ മുറിയിലാകെ പുക പടർന്നു. ഈ സമയം ലോക്കറിന്റെ ലോഹപ്പാളി ചൂടുപിടിച്ചിരുന്നു. ഇതോടെ ശാരീരിക അസ്വസ്ഥതയുണ്ടായെന്നും പുറത്തിറങ്ങി ബാങ്കിന്റെ വരാന്തയിൽ കിടന്നെന്നുമാണ് മൊഴി. തുടർന്ന്, പുലർച്ചയോടെ വീണ്ടും അകത്തുകയറി ഭാഗികമായി പൊളിച്ച ലോക്കറിനുള്ളിൽനിന്ന് 35 പവനോളം സ്വർണവും പണവും കവർന്നു.

അടുത്തദിവസം ലോക്കറിന്റെ ബാക്കിഭാഗം പൊളിക്കാൻ കഴിയുമോയെന്ന ആശങ്കമൂലമാണിതെന്നാണ് തെളിവെടുപ്പിനിടെ പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബാങ്കിനുപുറത്ത് ദേശീയപാതയോരത്തുള്ള ചെറിയ തട്ടുകടയിലാണ് ആൽബിൻ രാജും ഷൈബുവും ചേർന്ന് ഗ്യാസ് സിലിൻഡറും മറ്റും ഇറക്കിവെച്ചത്. ഇതിനുശേഷം ഷൈബുവിനോട് തിരികെപ്പോകാൻ നിർദേശിച്ച് ആൽബിൻ രാജാണ് ഇവ ബാങ്കിന് മുന്നിലെത്തിച്ചത്. തുടർന്ന്, പ്രധാന വാതിലിലെ പൂട്ടിളക്കി അകത്തുകയറിയശേഷം മുറിയിലെ ജനാലയുടെ രണ്ട് കമ്പിയഴികൾ അറത്തുമാറ്റി. വീണ്ടും പുറത്തിറങ്ങി വാതിലിലെ പൂട്ട് നേരെയാക്കിവെച്ചു. പിന്നീട് ജനാലവഴിയാണ് അകത്തുകയറി ലോക്കർ പൊളിച്ചത്. സി.സി.ടി.വി. ക്യാമറകളും കംപ്യൂട്ടറും ആദ്യദിവസംതന്നെ പൊളിച്ചെടുത്തിരുന്നതായും പ്രതി മൊഴികൊടുത്തു.

ഗ്യാസ് കട്ടറിൽ ഘടിപ്പിക്കുന്ന കുഴൽ ബാങ്ക് കെട്ടിടത്തിന്റെ മുകളിൽനിന്ന് കിട്ടിയിരുന്നു. ഇത് മോഷണത്തിനുശേഷം തിരികെപ്പോകുമ്പോൾ മുകളിലേക്കിട്ടതാണെന്ന് ആൽബിൻ രാജ് പറഞ്ഞു.

പ്രതികളെ കസ്റ്റഡിയിൽവിട്ടു

ഹരിപ്പാട്: കരുവാറ്റ ബാങ്ക് കവർച്ചക്കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി ഉത്തരവായി. ഒന്നാംപ്രതി ആൽബിൻ രാജിനെ 28 വരെയും രണ്ടാംപ്രതി ഷൈബു, മൂന്നാംപ്രതി ഷിബു എന്നിവരെ 26 വരെയുമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ബാങ്കിലെത്തിയിരുന്നത്. ഇതിനാൽ ഇവരെ മാത്രമാണ് ചൊവ്വാഴ്ച തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചത്. മോഷണത്തിനുള്ള ഗ്യാസ് കട്ടർ വാങ്ങുന്നതിനും സിലിൻഡറും കട്ടറും മറ്റും ബാങ്കിലെത്തിക്കുന്നതിനായി കൊല്ലം കടയ്ക്കലിൽനിന്ന് വാൻ മോഷ്ടിക്കുന്നതിനുമാണ് മൂന്നാംപ്രതി ഷിബുവിന് പങ്കുള്ളത്. തിരുവനന്തപുരത്തെ സ്വർണക്കടകളിലും കാട്ടാക്കടയിലെ ആൽബിൻ രാജിന്റെയും ഷിബുവിന്റെയും വീടുകളിലും ബുധനാഴ്ച തെളിവെടുക്കും. പിന്നീട് പുനലൂരിലെ വനമേഖലയിൽ പ്രതികളെയെത്തിക്കും. ബാങ്കിൽനിന്ന് മോഷ്ടിച്ച കംപ്യൂട്ടറും സി.സി.ടി.വി.യും മറ്റും ഉപേക്ഷിച്ചത് അവിടെയാണെന്നാണ് ആൽബിൻ രാജ് മൊഴി നൽകിയിരിക്കുന്നത്.

Content Highlights:karuvatta bank robbery case albin raj