ഹരിപ്പാട്: വലിയ ഒരുകവർച്ചയോടെ മോഷണം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതായി കരുവാറ്റ കവർച്ചാകേസിലെ ഒന്നാംപ്രതി ആൽബിൻരാജിന്റെ മൊഴി. കോയമ്പത്തൂരിൽനിന്ന് പിടികൂടിയ പോലീസ് സംഘത്തോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.

മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ആൽബിന് 10,000 രൂപ പിഴ അടയ്ക്കേണ്ടതുണ്ടായിരുന്നു. രണ്ടാംപ്രതി ഷൈബുവാണ് ഈ തുക കെട്ടിവെച്ച് ആൽബിനെ പുറത്തിറക്കുന്നത്. ഇതിനുശേഷം വലിയമോഷണം നടത്തി പണംസമ്പാദിച്ച് കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹമെന്നു ഷൈബുവിനോടും ഇയാൾ പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ 12 കേസുകൾ ഉൾപ്പെടെ എൺപതോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് പറയുന്നു. കോയമ്പത്തൂരിൽ വാടകവീട്ടിൽ താമസിക്കുന്നതിനിടെ ഫ്ളാറ്റ് വാങ്ങാൻ 20 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു.

സ്വസ്ഥമായജീവിതം ആഗ്രഹിച്ചാണത്രെ ഫ്ളാറ്റ് വാങ്ങാൻ ശ്രമിച്ചതെന്നും ഇയാൾ പോലീസിനു മൊഴികൊടുത്തിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയശേഷം മൂന്നാംപ്രതി ഷിബുവിന്റെ ഫോണിലാണ് ആൽബിൻരാജ് ഷൈബുവിനെ വിളിച്ചത്. ഈ ഫോൺവിളിയാണ് കരുവാറ്റ കവർച്ചയിൽ ആൽബിൻരാജിന് ബന്ധമുണ്ടെന്ന നിഗമനത്തിലെത്താൻ പോലീസിനെ സഹായിച്ചത്.

പഴുതുകളില്ലാത്ത മോഷണം, നമ്പർ പ്ലേറ്റ് കളഞ്ഞതിന് ക്ഷുഭിതനായി

മോഷണം പഴുതുകളൊന്നുമില്ലാതെ പൂർത്തിയാക്കുന്നതാണ് ആൽബിൻ രാജിന്റെ രീതി. ഇതിനാൽ ഒറ്റയ്ക്കാണ് ഇയാൾ മോഷണംനടത്തുക. മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കരുവാറ്റയിലാണ് ആദ്യമായി മറ്റുള്ളവരുടെ സഹായംതേടുന്നത്.

എങ്കിലും, ബാങ്ക് ലോക്കർ പൊളിക്കാൻ ഒറ്റയ്ക്കാണ് അകത്തുകയറിയത്. ഗ്യാസ് സിലിൻഡറുകൾ എത്തിക്കുന്നതിനായി വാൻ മോഷ്ടിക്കാനും ഈ വണ്ടി ഉപേക്ഷിക്കാനുമാണ് മറ്റുള്ളവരുടെ സഹായം തേടിയത്.

ഓഗസ്റ്റ് 26- ന് കൊല്ലം കൊട്ടിയത്തുനിന്നാണ് പഴയ വാൻ മോഷ്ടിക്കുന്നത്. മൂന്നാംപ്രതി ഷിബുവിന്റെ സഹായത്തോടെയാണിത്. ഷൈബുവിന്റെ ഹരിപ്പാട്ടെ താമസസ്ഥലത്ത് ഈ വണ്ടി എത്തിച്ചശേഷമാണ് അടൂർ പറക്കോട്ടുനിന്ന് ഗ്യാസ് സിലിൻഡറുകൾ മോഷ്ടിച്ച് എത്തിക്കുന്നത്.

മോഷണത്തിനുശേഷം ഷൈബുവിന്റെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന വണ്ടി പുനലൂരിലെ വനമേഖലയിൽ ഉപേക്ഷിക്കാനാണ് ആൽബിൻ രാജ് തീരുമാനിച്ചത്. ഇതിനായി സെപ്റ്റംബർ രണ്ടിന് രാത്രിയിൽ വണ്ടിയുമായി ആൽബിൻ രാജ് പുറപ്പെട്ടു. ഇയാളുടെ ബൈക്കിൽ ഷൈബു പിന്തുടർന്നു. യാത്രയിൽ ബൈക്കിന്റെ നമ്പർപ്ലേറ്റ് ഇളകിപ്പോയി.

മഴയായതിനാൽ ഇതെടുക്കാതെയാണ് ഷൈബു യാത്ര തുടർന്നത്. പുനലൂരിൽ വണ്ടി ഉപേക്ഷിച്ചശേഷം ബൈക്കിൽ കയറിയപ്പോഴാണ് നമ്പർപ്ലേറ്റ് നഷ്ടപ്പെട്ടവിവരം ആൽബിൻ രാജ് അറിയുന്നത്.

തനിക്ക് മടങ്ങിപ്പോകേണ്ട ബൈക്കിൽ നമ്പർപ്ലേറ്റ് ഇല്ലാത്തത് അപകടമാണെന്നുപറഞ്ഞ് ആൽബിൻ രാജ് ഷൈബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.

മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർപ്ലേറ്റ് വെച്ചായിരുന്നു ആൽബിൻരാജിന്റെയാത്ര. എങ്കിലും ഇതില്ലാത്തത് അപകടമാണെന്നു തിരിച്ചറിഞ്ഞായിരുന്നു ആൽബിൻരാജ് ക്ഷുഭിതനായത്.

ബാങ്കിലെ ലോക്കർ പൊളിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ പുനലൂരിൽ വണ്ടി ഉപേക്ഷിച്ചതിനു സമീപത്ത് കാട്ടിൽ എറിഞ്ഞതായാണ് പ്രതിയുടെ മൊഴി. പ്രതികളെ കസ്റ്റഡിയിൽവാങ്ങിയശേഷം ഇതു വീണ്ടെടുക്കാനുള്ള ശ്രമം നടത്തുമെന്ന് പോലീസ് പറഞ്ഞു.

പ്രതികൾ പുനലൂരിൽ ഉപേക്ഷിച്ച വാനിന്റെ ചിത്രം നാട്ടുകാരിലൊരാൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതുകണ്ടാണ് കൊട്ടിയം സ്വദേശിയായ ഉടമ വണ്ടി കണ്ടെത്തുന്നത്.

കോയമ്പത്തൂരിലെ അന്വേഷണം; പോലീസിനെ തുണച്ചത് മലയാളികൾ

കരുവാറ്റ കേസിലെ ഒന്നാംപ്രതി ആൽബിൻ രാജിനെത്തേടി കോയമ്പത്തൂരിലെത്തിയ പോലീസ് സംഘത്തെ തുണച്ചത് മലയാളിസമാജം പ്രവർത്തകരും വർഷങ്ങളായി അവിടെ താമസിക്കുന്ന മലയാളികളും. ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം കോയമ്പത്തൂർ മലയാളിസമാജം സെക്രട്ടറി മുരളിയെയാണ് ആദ്യം കാണുന്നത്.

തമിഴ്നാട് പോലീസിൽ എസ്.പി. ആയി വിരമിച്ച മലയാളി രാജഗോപാലിന്റെ മകൻ സന്തോഷ്, ആൽബിൻരാജ് താമസിക്കുന്ന രംഗസ്വാമിനഗറിൽ തന്നെയാണ് താമസിച്ചിരുന്നത്. അടുത്ത വീടാണെങ്കിലും പ്രതിയെ സന്തോഷിന് അറിയില്ലായിരുന്നു.

വീടുകളുടെ നിർമാണ കരാറുകാരനായിരുന്ന നാട്ടുകാരന്റെ സഹായത്തോടെയാണ് ആൽബിൻരാജ് വാടക വീട്ടിലെത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ചത്. ഇരുപതോളം വീടുകളാണ് ഈ ഭാഗത്തെ വില്ലാ പ്രോജക്ടിൽ ഉൾപ്പെടുന്നത്. ഇവിടെ വേറെയും മലയാളികുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

പ്രതിയെ പിടിച്ചുകഴിഞ്ഞ് ആളുകൾ കൂടിയപ്പോഴാണ് കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നെന്ന് മനസ്സിലാക്കുന്നത്. വർഷങ്ങളായി കോയമ്പത്തൂരിൽ താമസമാക്കിയ ഹരിപ്പാട്ടുകാരായ കുടുംബം, അന്വേഷണ ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തിരുന്നു.

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം, ആൽബിൻരാജെന്ന് സൂചന

ഹരിപ്പാട്: കാർത്തികപ്പള്ളി-ഡാണാപ്പടി റോഡരികിലെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് ആറര പവനും 60,000 രൂപയും മോഷ്ടിച്ചത് കരുവാറ്റ ബാങ്ക് കവർച്ച കേസിലെ ഒന്നാം പ്രതി ആൽബിൻ രാജാണെന്ന് സൂചന. റിട്ട. അധ്യാപകൻ കാർത്തികപ്പള്ളി അമ്പഴവേലിൽ ജോസഫ് മാത്യുവിന്റെ വീട്ടിൽ 2018 ജൂലായ് അഞ്ചിനായിരുന്നു സംഭവം. എട്ട് സി.സി.ടി.വി. ക്യാമറകളുള്ള വീട്ടിലെ അഞ്ചുപൂട്ടുകൾ തകർത്താണ് മോഷണം നടന്നത്.

മുഖംമൂടിയും കൈയുറയും ധരിച്ച പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടിയിരുന്നെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ യാത്രചെയ്ത ബൈക്കിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. മാവേലിക്കര കണ്ണമംഗലത്ത് വാടകയ്ക്ക് താമസിച്ച് ആൽബിൻ രണ്ടുവർഷം മുൻപ് കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ നടത്തിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും കാർത്തികപ്പള്ളിയിലേക്ക് അന്വേഷണമെത്തിയില്ല.

കൊല്ലം കല്ലടയിൽ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് ജോസഫ് മാത്യുവും കുടുംബവും പുലർച്ചേ പോയിരുന്നു. ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരുന്നു. വൈകീട്ട് നാലുമണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പുറത്തുണ്ടായിരുന്ന രണ്ട് സി.സി.ടി.വി. ക്യാമറകൾ നശിപ്പിക്കുകയും ഒരെണ്ണം മുകളിലേക്ക് തിരിച്ചുവച്ച നിലയിലുമായിരുന്നു. പിൻവാതിലിന് പുറത്തുള്ളവർക്ക് ഏരിയായുടെ ഗ്രില്ലും വാതിലിന്റെ പൂട്ടും പൊളിച്ചായിരുന്നു മോഷണം.

മുഖംമൂടിയും കൈയുറയും തിളങ്ങുന്ന കുപ്പായവും ധരിച്ചയാളുടെ ദൃശ്യമാണ് സി.സി.ടി.വി.യിൽ തെളിഞ്ഞത്. ഇതുമായി സംസ്ഥാന വ്യാപകമായി പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല.

Content Highlights:karuvatta bank robbery case