ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്കുകവർച്ചക്കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കാട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻരാജിന്റെ (ഷൈജു-39) അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തും. കോയമ്പത്തൂരിലെ താമസസ്ഥലത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പ്രതിയുമായി പോലീസ് കാട്ടാക്കടയെത്തി. പ്രതി കാട്ടിക്കൊടുത്തതനുസരിച്ച് വീടിനടുത്തു കുഴിച്ചിട്ട 400 ഗ്രാമോളം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.

കോയമ്പത്തൂരിൽ പിടിയിലായപ്പോൾ, തൊണ്ടി കാട്ടാക്കടയിലെ വീട്ടിലാണ് സൂക്ഷിച്ചതെന്നായിരുന്നു മൊഴി. എന്നാൽ, വീട്ടിലെത്തിയപ്പോൾ ബാക്കിസ്വർണം കോയമ്പത്തൂരിലാണെന്ന് മൊഴിമാറ്റി. അതോടെ പോലീസ് സംഘം വീണ്ടും കോയമ്പത്തൂരിലേക്കു പോയി. അവിടത്തെ തിരച്ചിലിനുശേഷം ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റുരേഖപ്പെടുത്താനാണ് സാധ്യത.

കോയമ്പത്തൂരിൽ കുടുംബസമേതം താമസിക്കുന്ന വീടു റെയ്‌ഡുചെയ്യാൻ പോലീസ് എത്തിയപ്പോൾ പ്രതി മുകൾനിലയിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി ഹരിപ്പാട് സ്വദേശി ഷൈബുവിൽനിന്ന് ആൽബിൻരാജിന്റെ ഭാര്യയുടെ മൊബൈൽ നമ്പർ പോലീസിനു കിട്ടിയിരുന്നു. അയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല.

അന്വേഷണസംഘം പ്രതിയുടെ ഭാര്യയുടെ ഫോൺനമ്പർ പിന്തുടർന്ന് ഒക്ടോബർ ആദ്യം കോയമ്പത്തൂരിലെത്തി. വീടു കണ്ടെത്തുകയും ചെയ്തു. രണ്ടാംപ്രതി ഷൈബുവിനെയും മൂന്നാംപ്രതി ഷിബുവിനെയും രഹസ്യമായി കസ്റ്റഡിയിൽ വെച്ചുകൊണ്ടാണ് ആൽബിൻരാജിനെ പിടികൂടാൻ പോലീസ് ചെന്നത്. എന്നാൽ, ഇരുവരും കൂടെയുള്ള വിവരംചോർന്നു. അതോടെ ആൽബിൻരാജ് രക്ഷപ്പെടുകയായിരുന്നു.

രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴും അന്വേഷണസംഘാംഗങ്ങൾ കോയമ്പത്തൂരിൽ തുടരുന്നുണ്ടായിരുന്നു. അവർ ആൽബിൻരാജിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചു വലയിലാക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഓഗസ്റ്റ് 29-മുതൽ 31-വരെയുള്ള ദിവസങ്ങളിലായി രാത്രിയിൽ ബാങ്കിലെ ലോക്കർ പൊളിച്ച പ്രതികൾ, 31-നു പുലർച്ചെയാണ് 2.87 കോടി മൂല്യംവരുന്ന സ്വർണാഭരണങ്ങളും പണവും അപഹരിച്ചത്.

Content Highlights:karuvatta bank robbery case