ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ ഒന്നാംപ്രതി തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ പറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻരാജിനെ (ഷൈജു-38) പിടികൂടാൻ പോലീസ് സംഘം കോയമ്പത്തൂരിൽ അന്വേഷണംതുടങ്ങി. സ്വദേശം കാട്ടാക്കടയാണെങ്കിലും രണ്ടാം ഭാര്യക്കൊപ്പം വർഷങ്ങളായി കോയമ്പത്തൂരിലാണ് താമസം.

പ്രതിയെത്തേടി നേരത്തേ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിൽ തിരച്ചിൽ നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഭൂരിപക്ഷവും സ്വർണക്കവർച്ചയാണ്.

രണ്ടാംഭാര്യയും മോഷണത്തിനു സഹായംനൽകാറുണ്ടെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. നാഗർകോവിലിലെ ഒരു സ്വർണക്കടയിൽനിന്ന് ഇയാൾ 120 പവൻ കവർന്നിരുന്നു. ഈ കേസിൽ രണ്ടാംഭാര്യയും പ്രതിയാണ്. കോയമ്പത്തൂരിനു പുറമേ നാഗർകോവിലിലും ഇയാൾക്ക് താവളങ്ങളുണ്ട്.

ഒറ്റയ്ക്കു മോഷണംനടത്തുന്നതാണ് ആൽബിൻരാജിന്റെ രീതി. മോഷ്ടിച്ച സ്കൂട്ടറോ കാറോ ആണ് യാത്രയ്ക്കുപയോഗിക്കുക. ഗ്യാസ് വെൽഡിങ്, കട്ടിങ് എന്നിവയിൽ അതീവ വൈദഗ്ധ്യമുണ്ട്. കവർച്ചയ്ക്കുപയോഗിക്കാറുള്ള ഗ്യാസ് കട്ടറും ഗ്യാസ് സിലിൻഡറും മോഷ്ടിച്ചെടുക്കുകയാണ് പതിവ്.

2016 സെപ്റ്റംബർ 12-ന് തിരുവനന്തപുരം പെരുങ്കടവിലെ ആങ്കോട് സർവീസ് സഹകരണബാങ്കിൽ കവർച്ചാശ്രമം നടത്തിയിരുന്നു. അന്ന് കാട്ടാക്കടയിലെ ഒരു വർക്ക്ഷോപ്പിൽനിന്ന് മോഷ്ടിച്ച ഗ്യാസ് സിലിൻഡറും കട്ടറുമാണ് ഉപയോഗിച്ചത്. കരുവാറ്റ ബാങ്ക് കവർച്ചയ്ക്ക് ഇതേരീതിയിൽ അടൂർ പറക്കോട്ടുനിന്നാണ് ഗ്യാസ് സിലിൻഡർ അപഹരിച്ചത്.

ഇതുവരെ നടത്തിയ മോഷണങ്ങളിലൊന്നും കൂട്ടുപ്രതികളില്ലായിരുന്നു. ഒറ്റയ്ക്കു മോഷണംനടത്തുന്നതിനാൽ വിവരം പുറത്തറിയാനുള്ള സാധ്യത കുറവാണ്.

കരുവാറ്റയിൽ കവർച്ചയ്ക്ക് രണ്ടുപേരുടെ സഹായം കിട്ടിയിരുന്നെങ്കിലും ബാങ്കിനുള്ളിൽ കടന്നുകയറിയത് ഇയാൾ ഒറ്റയ്ക്കാണെന്ന് പോലീസ് പറയുന്നു. മോഷണത്തിനുശേഷം തൊണ്ടിയുമായി രക്ഷപ്പെടുന്നതും ഒറ്റയ്ക്കാണ്.

പ്രതിയെ തിരിച്ചറിഞ്ഞാലും പിടികൂടാൻ ഇതും തടസ്സമാകാറുണ്ട്. കരുവാറ്റ കേസിലും പോലീസ് നേരിടുന്നത് ഇതേ ബുദ്ധിമുട്ടാണ്.

കരുവാറ്റ സർവീസ് സഹകരണബാങ്കിൽനിന്ന് 5.43 കിലോഗ്രാം സ്വർണവും 4.43 ലക്ഷം രൂപയും കവർന്ന കേസിലെ രണ്ടാംപ്രതി മാവേലിക്കര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽനിന്ന് ഹരിപ്പാട് ആർ.കെ.ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഷൈബു (അപ്പുണ്ണി-36), കാട്ടാക്കട സ്വദേശിയും ഒന്നാംപ്രതി ആൽബിന്റെ നാട്ടുകാരനുമായ ഷിബു (45) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. പ്രതികളിൽനിന്ന് ഒന്നരക്കിലോഗ്രാം സ്വർണം വീണ്ടെടുത്തിട്ടുണ്ട്.

വിരലടയാളം അവശേഷിപ്പിക്കില്ല; സി.സി.ടി.വി. ഹാർഡ് ഡിസ്ക് ഉൾപ്പെടെ അടിച്ചുമാറ്റും

ഹരിപ്പാട്: ആൽബിൻരാജിന്റെ മോഷണരീതികൾ പോലീസിനെ അമ്പരപ്പിക്കുന്നതാണ്. ഒരിടത്തും വിരലടയാളം അവശേഷിപ്പിക്കില്ല. വെട്ടുകത്തി, സ്ക്രൂഡ്രൈവർ, പ്ലെയർ, കൈയുറകൾ, മങ്കി ക്യാപ്പ്, ആക്സോബ്ലെയ്‌ഡുകൾ തുടങ്ങി കൈയിൽ സൂക്ഷിക്കാവുന്ന ഉപകരണങ്ങൾ സൂക്ഷിക്കും. മോഷണസ്ഥലത്തുനിന്ന് കിട്ടാവുന്ന സാധനങ്ങളും ഉപയോഗിക്കും. തീരെ ചെറിയ സ്ഥലംമതി ഇയാൾക്ക് കെട്ടിടങ്ങൾക്കുള്ളിൽ കയറാൻ. കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭരണിക്കാവിൽ വീടിന്റെ ചിമ്മിനിവഴി കയർകെട്ടിയാണ് അകത്തുകയറിയത്. ഇതിനായി ചിമ്മിനിയുടെ മുകളിൽ പുകപോകുന്ന ഭാഗം അല്പം പൊളിച്ചു. വീട്ടുപരിസരത്തുണ്ടായിരുന്ന കയർ ചിമ്മിനിയുടെ മുകളിൽ കെട്ടി ഉറപ്പിച്ചശേഷം അതിലൂടെ അകത്തുകടന്നു. 12 പവൻ സ്വർണാഭരണങ്ങളാണ് ഈ വീട്ടിൽനിന്ന് കവർന്നത്.

കരുവാറ്റ ബാങ്കിന്റെ മുൻഭാഗത്തെ ജനലിലെ രണ്ട് അഴികൾ അറത്തുമാറ്റിയിരുന്നു. ഇതുവഴി ഒരാൾക്ക് കയറാൻ ഏറെ ബുദ്ധിമുട്ടാണെന്നായിരുന്നു അന്വേഷണസംഘം വിലയിരുത്തിയിരുന്നത്. എന്നാൽ, പ്രതി ആൽബിൻരാജാണെന്ന് ഉറപ്പിച്ചതോടെ ഇക്കാര്യത്തിൽ പോലീസിന്റെ സംശയം മാറി.

പിടിയുടെ ഭാഗത്ത് പ്ലാസ്റ്റിക് ചുറ്റിയശേഷം റബ്ബർ ബാൻഡ് ഇട്ടിരുന്ന സ്ക്രൂഡ്രൈവറുകളും കരുവാറ്റ ബാങ്കിൽനിന്ന് കിട്ടിയിരുന്നു. ഇതും ആൽബിൻരാജിന്റെ സ്ഥിരം ആയുധങ്ങളാണ്. അടിക്കുമ്പോൾ ശബ്ദംകേൾക്കാതിരിക്കാനാണ് സ്ക്രൂഡ്രൈവറിൽ ഈ സൂത്രപ്പണിചെയ്യുന്നത്.

മോഷണത്തിനിടെ വിരലടയാളം എവിടെയും പതിയാതിരിക്കാൻ ഇയാൾ കൈയുറ ധരിക്കാറുണ്ട്. കുറത്തികാട് പോലീസ് പ്രതിയെ പിടികൂടിയപ്പോൾ രണ്ടിനം കൈയുറകളും മങ്കി ക്യാപ്പും ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇവയിലൊന്ന് കൈ പൂർണമായും മൂടുന്നതാണ്. കരുവാറ്റയിൽ ലോക്കറിന്റെ ഭാഗത്തുനിന്ന് വിരലടയാളങ്ങളൊന്നും കിട്ടിയിരുന്നില്ല. പ്രതിയുടെ മുൻകരുതലാണ് ഇതിനുകാരണമായതെന്ന് ഇപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്.

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവ് ആങ്കോട് സർവീസ് സഹകരണബാങ്കിൽ കരുവാറ്റയിലേതിനു സമാനമായ രീതിയിൽ ലോക്കർ തകർത്ത് മോഷണത്തിന് ഇയാൾ ശ്രമിച്ചിരുന്നു. ശ്രമം വിജയിച്ചില്ലെന്നതിനൊപ്പം സി.സി.ടി.വി.യിൽ ഇതിന്റെ ദൃശ്യങ്ങളും കിട്ടി.

ഇതേത്തുടർന്ന് പിടിയിലായതിനാൽ പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആദ്യം സി.സി.ടി.വി.യിലാണ് ഇയാൾ കൈവെച്ചിരുന്നത്.

തൊണ്ടിമുതൽ വിൽക്കാൻ സഹായിച്ചതിനു കസ്റ്റഡിയിലുള്ളത് സുഹൃത്തുക്കൾ

ആലപ്പുഴ: തൊണ്ടിമുതൽ വിൽക്കാൻ സഹായിച്ചതിനു തിരുവനന്തപുരം സ്വദേശികളായ അരുൺ, മുജീബ് എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളതെന്നറിയുന്നു. പ്രതികളിലൊരാളുമായി അരുണിനു പരിചയമുണ്ട്. ഒരുസുഹൃത്തിന്റെ ഫൈനാൻസ് സ്ഥാപനം സാമ്പത്തികമായി തകർന്നെന്നും അവിടെയുണ്ടായിരുന്ന സ്വർണാഭരണങ്ങൾ വിൽക്കാനുണ്ടെന്നും പറഞ്ഞാണ് ഇയാൾ അരുണിനെ സമീപിച്ചതത്രെ.

സുഹൃത്തായ മുജീബിനൊപ്പമാണ് അരുൺ ആഭരണങ്ങൾ വാങ്ങി കടകളിൽ വിറ്റതെന്നാണ് വിവരം. പോലീസ് ചോദ്യംചെയ്തപ്പോൾ ഈ വിവരങ്ങൾ ഇരുവരും പറയുകയും തൊണ്ടിമുതൽ കണ്ടെത്താൻ സഹായിക്കുകയും ചെയ്തതായും സൂചനയുണ്ട്. ഇവരുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അന്വേഷണസംഘം തിരുവനന്തപുരത്തുനിന്ന് ഒന്നര കിലോഗ്രാം വരുന്ന സ്വർണം വീണ്ടെടുത്തതെന്നാണ് അറിയുന്നത്. ആഭരണങ്ങൾ ഉരുക്കിയനിലയിലാണെന്നും സൂചനയുണ്ട്. രണ്ടാംപ്രതി ഷൈബുവിന്റെ വീട്ടിൽ ചൊവ്വാഴ്ച പോലീസ് തിരച്ചിൽ നടത്തി. മോഷണ മുതലിൽ ഉൾപ്പെടുന്ന ഏതാനും ആഭരണങ്ങൾ ഇവിടെനിന്ന് കിട്ടിയതായി സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവർ പ്രതികളാകാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല. മോഷണത്തിൽ ഇവർക്ക് പങ്കില്ലെന്ന് ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, മോഷണ മുതലാണെന്ന് അറിഞ്ഞാണ് ഇവർ വിൽപ്പനയ്ക്ക് സഹായിച്ചതെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്.

ബാങ്ക് തുറക്കുമെന്നു ഭീതി; രണ്ടാംദിനം എടുത്തത് 35 പവൻ

ഹരിപ്പാട്: മൂന്നുദിവസംകൊണ്ടാണ് ഒന്നാം പ്രതി ബാങ്ക് ലോക്കർ പൊളിച്ചതെങ്കിലും രണ്ടാംദിവസം തന്നെ 35 പവൻ സ്വർണം എടുത്തിരുന്നതായി പോലീസ് പറയുന്നു.

രണ്ടാംദിവസം ലോക്കർ മുറിയുടെ കൂറ്റൻ വാതിലിൽ ഒരാൾക്ക് കയറാവുന്ന വിധത്തിലെ ദ്വാരമുണ്ടാക്കിയിരുന്നു. ഇതിനുള്ളിലെ ഷെൽഫിന്റെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും നേരം പുലരാറായിരുന്നു. ഇതോടെ ചെറിയ ദ്വാരമുണ്ടാക്കിയശേഷം ആഭരണങ്ങൾ കമ്പിയുപയോഗിച്ച് കുത്തിയെടുത്തു. 35 പവനോളം സ്വർണമാണ് ഇങ്ങനെ കിട്ടിയത്. ഇതുമെടുത്ത് പുറത്തിറങ്ങിയശേഷം രണ്ടാം പ്രതി ഷൈബുവിനൊപ്പം അയാളുടെ താമസസ്ഥലത്തെത്തി. തുടർന്ന്, അടുത്തദിവസമാണ് സ്വർണാഭരണങ്ങളും പണവും പൂർണമായും അപഹരിച്ചത്.

ലോക്കർ പകുതി പൊളിച്ചുവച്ചിരിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസം ഉദ്യോഗസ്ഥർ ബാങ്കിലെത്തിയാൽ മോഷണം പൊളിയും. ഇതിനാലാണ് രണ്ടാം ദിവസം കിട്ടിയ സ്വർണം കൈവശപ്പെടുത്തിയതെന്നാണ് രണ്ടാം പ്രതി മൊഴി നൽകിയിരിക്കുന്നത്.

പ്രതികൾ റിമാൻഡിൽ

ഹരിപ്പാട്: മാവേലിക്കര കണ്ണമംഗലം തെക്കുംമുറിയിൽ കൈപ്പള്ളി വീട്ടിൽനിന്ന് ഹരിപ്പാട് ആർ.കെ.ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഷൈബു (32), മൂന്നാംപ്രതി തിരുവനന്തപുരം കാട്ടാക്കട വാഴിച്ചൽ തമ്പിക്കോണംമേലെ പ്ലാവില ഷിബു (43) എന്നിവരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണവും തെളിവെടുപ്പും നടത്താൻ കോടതിയെ സമീപിക്കുമെന്ന് ഇൻസ്പെക്ടർ ആർ. ഫയസ് പറഞ്ഞു.

Content Highlights:karuvatta bank robbery