ബെംഗളൂരു: കർണാടകയിൽ മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുടേതെന്ന് ആരോപിക്കുന്ന ലൈംഗിക വീഡിയോ വിവാദത്തിൽ പുതിയ വഴിത്തിരിവ്. വിവാദ വീഡിയോയിലുള്ളതായി പറയുന്ന യുവതിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. മകളുടെ ജീവൻ അപകടത്തിലാണെന്നും യുവതിയുടെ മാതാപിതാക്കൾ ബെലഗാവി എപിഎംസി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു.

യുവതിയുടെ മാതാപിതാക്കൾ കുവേമ്പുനഗറിലാണ് താമസം. പിതാവ് ബെലഗാവിയിലെ സ്വകാര്യ സ്ഥാപനത്തിലും ജോലിചെയ്യുന്നു. മകളെ അവസാനമായി ബന്ധപ്പെട്ടപ്പോൾ ജീവൻ അപകടത്തിലാണെന്നാണ് പറഞ്ഞതെന്നും അതിനുശേഷം മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മകളെ ഫോണിൽ വിളിച്ചിരുന്നതായി യുവതിയുടെ അമ്മയും പറഞ്ഞു. 'വീഡിയോ ടിവി ചാനലുകളിൽ കണ്ടതോടെയാണ് അവളെ വിളിച്ചത്. വീഡിയോയിലുള്ള പെൺകുട്ടിയെ കാണാൻ നിന്നെപ്പോലെയുണ്ടെന്ന് മകളോട് പറഞ്ഞു. എന്നാൽ അത് താനല്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നുമാണ് മകൾ പറഞ്ഞത്. വീഡിയോ വ്യാജമാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം വീട്ടിലേക്ക് വരാൻ അവളോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിലേക്ക് വരാനാകില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അവൾ പറഞ്ഞത്- യുവതിയുടെ മാതാവ് വെളിപ്പെടുത്തി.

അവൾ സുരക്ഷിതയാണെന്നാണ് ആദ്യം പറഞ്ഞത്. ഫോണിലൂടെ മെസേജുകളും അയച്ചിരുന്നു. പിന്നീട് അവളെ ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വീഡിയോ കണ്ടതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും മാതാവ് പറഞ്ഞു.

മന്ത്രി രമേശ് ജാർക്കിഹോളി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദ ലൈംഗിക വീഡിയോയും പുറത്തുവന്നത്. പിന്നാലെ രമേശ് ജാർക്കിഹോളി മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാൽ വീഡിയോ വ്യാജമാണെന്നും കോടികൾ മുടക്കിയാണ് തനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ, രമേശ് ജാർക്കിഹോളിക്കെതിരേ പരാതി നൽകിയ സാമൂഹികപ്രവർത്തകൻ ദിനേശ് കലഹിള്ളി പരാതി പിൻവലിച്ചതും ഏറെ ചർച്ചയായി. ഇതിനുപിന്നാലെയാണ് ലൈംഗിക വീഡിയോയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വെളിപ്പെടുത്തി യുവതിയുടെ വീഡിയോയും പുറത്തുവന്നത്. സർക്കാർ തനിക്ക് സംരക്ഷണം നൽകണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Content Highlights:karntaka sex scandal womans family filed complaint