കൊല്ലം: പരവൂരില്‍ കര്‍ണാടക സ്വദേശിയായ യുവതിക്ക് മര്‍ദനം. പരവൂര്‍ നെടുങ്കോലത്ത് മത്സ്യവില്‍പ്പന നടത്തുന്ന സുധയെയാണ് നെടുങ്കോലം സ്വദേശി മണികണ്ഠന്‍ ക്രൂരമായി മര്‍ദിച്ചത്. മോഷണസംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 

കഴിഞ്ഞദിവസമായിരുന്നു സംഭവം. സുധയും ഭര്‍ത്താവും നെടുങ്കോലത്ത് വീടുകളിലെത്തി മത്സ്യവില്‍പ്പന നടത്തുന്നവരാണ്. ചൊവ്വാഴ്ച സുധ മണികണ്ഠന്റെ വീട്ടിലും മത്സ്യവില്‍പ്പനക്കെത്തി. എന്നാല്‍ വീട്ടില്‍ വന്ന യുവതി പച്ചില കൊണ്ട് മതിലില്‍ അടയാളമിട്ടെന്നും രാത്രി മോഷണം നടത്താന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നുമായിരുന്നു മണികണ്ഠന്റെ ആരോപണം. തുടര്‍ന്ന് യുവതിയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. പിന്നീട് യുവതി താമസിക്കുന്ന സ്ഥലത്തെത്തിയും ആക്രമണം നടത്തി. ഇതിനുശേഷം ഇക്കാര്യങ്ങളെല്ലാം ശബ്ദസന്ദേശമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

ഇതരസംസ്ഥാനക്കാര്‍ മോഷണത്തിന് വന്നിട്ടുണ്ടെന്നും ഇവരെ താന്‍ കൈകാര്യം ചെയ്‌തെന്നുമാണ് മണികണ്ഠന്‍ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. 

Content Highlights: karnataka woman brutally thrashed in paravur kollam