ബെംഗളൂരു: വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതി വാദംകേള്‍ക്കുന്നതിനിടെ പുറത്തുനിന്നുള്ള അര്‍ധ നഗ്‌നനായ ഒരാളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടു. കര്‍ണാടക ഹൈക്കോടതിയില്‍ ചൊവ്വാഴ്ച മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട അശ്ലീല വീഡിയോ കേസില്‍ വാദം നടക്കുന്നതിനിടെയാണ് സംഭവം. ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി ഇയാളെ കണ്ടെത്താനാവശ്യപ്പെട്ട് പോലീസിന് നോട്ടീസ് നല്‍കി.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പീഡനത്തിനിരയായെന്ന് പരാതിയുന്നയിച്ച യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്സിങ്ങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരാള്‍ കുളിക്കുന്ന നിലയിലാണ് വീഡിയോ കോണ്‍ഫറന്‍സിന്റെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. 20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും അറിയിച്ചു. ഇയാളുടെപേരില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റുചില അഭിഭാഷകരും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇയാള്‍ നടത്തിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്ന് ഇന്ദിരാ ജയ്സിങ് പിന്നീട് ട്വീറ്റുചെയ്തു. വാദത്തെ തടസ്സപ്പെടുത്തുന്നതാണെന്നും കുറിച്ചു.