ബെംഗളൂരു: ഹവേരിയില്‍ പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമകള്‍ മര്‍ദിച്ച 10 വയസ്സുകാരന്‍ മരിച്ചു. ഹനഗല്‍ താലൂക്കിലെ ഉപ്പനാസി സ്വദേശിയായ ഹരീഷയ്യ ഹീരാമത്ത് ആണ് മരിച്ചത്. മര്‍ദനത്തെത്തുടര്‍ന്ന് ഒരാഴ്ചയായി കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു കുട്ടി. 16-നാണ് ഹരീഷയ്യക്ക് മര്‍ദനമേറ്റത്.

പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ഹരീഷയ്യയെ പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമകള്‍ സമീപത്തെ മുറിയിലടച്ച് മര്‍ദിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താതിരുന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് മോഷണക്കുറ്റമാരോപിച്ച് കുട്ടിയെ മുറിയിലടച്ചിരിക്കുകയാണെന്ന് കണ്ടെത്തിയത്. ഇതു ചോദ്യം ചെയ്ത മാതാപിതാക്കളെയും കടയുടമകള്‍ മര്‍ദിച്ചെന്ന് പരാതിയുണ്ട്.

വൈകീട്ടോടെയാണ് ഹരീഷയ്യയെ കടയുടമകള്‍ വിട്ടയച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു.

മുറിയിലടച്ച് പുറത്ത് കല്ലുകെട്ടിത്തൂക്കിയെന്നും നിലത്തിട്ട് ചവിട്ടിയുരുട്ടിയെന്നും കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കടയുടമകളായ പ്രവീണ്‍ കരിഷെട്ടാര്‍, ബസവണ്ണവ്വ കരിഷെട്ടാര്‍, കുമാര്‍ ഹവേരി, ശിവരുദ്രപ്പ ഹവേരി എന്നിവര്‍ ഒളിവിലാണ്.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ഹവേരി എസ്.പി. മല്ലികാര്‍ജുന്‍ ബാലദണ്ഡി പറഞ്ഞു.