കരിപ്പൂര്‍ : സ്വര്‍ണ്ണ കവര്‍ച്ചാ ശ്രമ കേസില്‍ ഉള്‍പ്പെട്ട സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍.  മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂര്‍ സ്വദേശി അസ്‌കര്‍ ബാബു, അമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 
സംഭവ ദിവസം കവര്‍ച്ചാ സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഗള്‍ഫില്‍ നിന്നു സജിമോന് അയച്ചു കിട്ടിയ  ഫോട്ടോ എയര്‍പോര്‍ട്ടിനുള്ളില്‍ നിലയുറപ്പിച്ച അമീറിന് സജിമോന്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും ഇറങ്ങിയാല്‍ അറിയിക്കണമെന്നും വസ്ത്രം മാറാന്‍ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അറിയിച്ചതുപ്രകാരം കാര്യങ്ങള്‍ അപ്പപ്പോള്‍ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ആ വിവരമാണ് സജിമോന്‍ ലൈവായി ഗള്‍ഫിലേക്ക് അറിയിച്ചു കൊണ്ടിരുന്നത്.

അര്‍ജുന്‍ ആയങ്കി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു .അത് പ്രകാരം മണിക്കൂറുകളോളം അര്‍ജുന്‍ ആയങ്കിയുടെ ചലനങ്ങള്‍  ഇയാള്‍ നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. ആയങ്കി കാറില്‍ കയറി പോകുന്ന വിവരം അപ്പോള്‍ തന്നെ സജിമോനെ അറിയിച്ചതും ഇയാളാണ്. അതേ തുടര്‍ന്നാണ് മറ്റു സംഘംഗങ്ങള്‍ ആയങ്കിയെ പിന്തുടര്‍ന്നതും അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും. കരിപ്പൂര്‍ കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്‌കര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും കാരിയര്‍മാരെ പുറത്തെത്തിച്ച് റിസീവര്‍ക്ക് കൈമാറുകയും പലപ്പോഴും സ്വര്‍ണ്ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട്. അത്തരത്തില്‍ കൊടുവള്ളി - താമരശ്ശേരി ഭാഗത്തുള്ള സ്വര്‍ണ്ണക്കടത്തുകാരുമായി ഇയാള്‍ക്ക് നല്ല ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. 

രാമനാട്ടുകര വെച്ച് സംഘത്തില്‍പെട്ട വാഹനം അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം സംഭവസ്ഥലത്ത് സജിമോനോടൊപ്പം എത്തി വിവരങ്ങള്‍ ഗള്‍ഫിലേക്ക് കൈമാറിയാണ് മടങ്ങിയത്.  എയര്‍പോര്‍ട്ടിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭിക്കുന്ന 'സെറ്റിങ്ങ് സ് 'നടക്കാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ കുറിച്ച് പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ കേസില്‍ 23പേര്‍ അറസ്റ്റിലായി സംഭവത്തില്‍ ഉള്‍പ്പെട്ട ടിപ്പര്‍ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ്.വി.കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ് , ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ ,എസ്ഐ മാരായ സതീഷ് നാഥ്,  അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍  എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

cntent highlights: karippur gold smuggling case, two more arrest