കൊച്ചി:  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യമില്ല. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യാപേക്ഷ തള്ളിയത്. അര്‍ജുന് ജാമ്യം അനുവദിക്കുന്നതിനെതിരേ കസ്റ്റംസും ശക്തമായ വാദമുയര്‍ത്തി. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു. 

അതേസമയം, കേസിലെ മൂന്നാംപ്രതിയായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മലിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആയങ്കിയുടെ സുഹൃത്തായ അജ്മലിന് കോടതി ജാമ്യം നല്‍കിയത്. 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജൂണ്‍ 28-നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കടത്തിലും സ്വര്‍ണക്കടത്ത് ക്വട്ടേഷനിലും അര്‍ജുന്‍ ആയങ്കിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

Content Highlights: karipur gold smuggling case no bail for arjun ayanki