കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേര്‍കൂടി പിടിയിലായി. സഹോദരങ്ങളും കൊടിയത്തൂര്‍ സ്വദേശികളുമായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംൈബ മസ്ജിദ് ബന്തറിലെ ചേരിയിലെ ഒളിത്താവളത്തില്‍നിന്ന് അന്വേഷണസംഘം പിടികൂടിയത്.

സഹോദരനായ അലി ഉബൈറാനാണ് മുംബൈയിലെ സ്വര്‍ണക്കടത്ത് മാഫിയയുമായുള്ള സൗഹൃദം ഉപയോഗിച്ച് താമസസൗകര്യം ഒരുക്കിയത്. അലിയെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ജൂണ്‍ 21-ന് രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സ്വര്‍ണക്കടത്ത് സംഘത്തിലേക്കെത്തിയത്.

ദുബായില്‍നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം സുരക്ഷിതമായി എത്തിക്കുന്നതിനും തട്ടിയെടുക്കാന്‍ എത്തുന്നവരെ നേരിടുന്നതിനുമായി ഒട്ടേറെ സംഘങ്ങള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇപ്പോള്‍ പിടിയിലായ ഷബീബ് റഹ്മാന്റെ നേതൃത്വത്തിലാണ് കൊടിയത്തൂര്‍ സംഘം വിമാനത്താവളത്തിലെത്തിയിരുന്നത്. ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പിടികൂടിയത് അര്‍ധരാത്രിയില്‍ താമസസ്ഥലം വളഞ്ഞ്

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ കൊടിയത്തൂര്‍ സ്വദേശികള്‍ മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞത് സഹോദരന്‍ അലി ഉബൈറാന് മുംബൈയിലുള്ള ബന്ധം ഉപയോഗിച്ച്. അവിടെ താമസസ്ഥലം വളഞ്ഞാണ് പോലീസ് ഇവരെ പിടികൂടിയത്.

കൊടിയത്തൂര്‍ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെ മുംബൈയിലെ ചേരിയില്‍നിന്ന് പിടികൂടാനായത് അന്വേഷണസംഘത്തിന് നേട്ടമായി.

സ്വര്‍ണക്കടത്തില്‍ ഗള്‍ഫ്- മുംബൈ- കരിപ്പൂര്‍ ബന്ധത്തിന്റെ ആഴം ബോധ്യപ്പെടുന്നതായി ഇവരുടെ അറസ്റ്റ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ 21-ന് കരിപ്പൂരിലെത്തിയവരുടെ കൂട്ടത്തില്‍ ഇവരുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവരുടെ മറ്റു സഹോദരന്‍മാരും കേസില്‍ പ്രതികളാണ്. പ്രതികളോരോരുത്തരായി പിടിയിലായതോടെ ഇവര്‍ ഒളിവില്‍പോയി.

വയനാട്, കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലെല്ലാം ഇവര്‍ എത്തിയിരുന്നതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഗള്‍ഫില്‍നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമായിരുന്നു ഇവര്‍ കരിപ്പൂരിലെത്തിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഷബീബ് റഹ്മാനും മുഹമ്മദ് നാസും മുംബൈയില്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. മുംബൈയില്‍ ഇവര്‍ ബന്ധപ്പെടുന്നവരെയും പോലീസ് നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിലെ ചിലര്‍ മുംബൈയിലേക്ക് പോയി. മുംബൈ പോലീസിന്റെ സഹായത്തോടെ ഡോം ഗ്രി, പയ്ദോണി, മസ്ജിദ് ബന്തര്‍ എന്നിവിടങ്ങളിലെ ഇവരുമായി ബന്ധപ്പെട്ട ചിലരെ കണ്ടെത്തി ചോദ്യം ചെയ്തതില്‍നിന്നാണ് ഒളിസങ്കേതം തിരിച്ചറിഞ്ഞത്.

സഹോദരന്‍ അലി ഉബൈറാന്‍ കഴിഞ്ഞദിവസം പിടിയിലായതോടെ വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഇയാള്‍ക്ക് ഗള്‍ഫ് ബന്ധം വഴി മുംബൈയിലെ സ്വര്‍ണക്കടത്തുകാരുമായുള്ള അടുപ്പമാണ് ഷബീബ് റഹ്മാനും മുഹമ്മദ് നാസും മുബൈയിലെത്താന്‍ കാരണമായത്.

രാത്രി ഒരുമണിയോടെ അന്വേഷണസംഘം മസ്ജിദ് ബന്തറിലെ ഒളിത്താവളം വളഞ്ഞാണ് ഇരുവരെയും പിടികൂടിയത്. മെട്രോപൊളീറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ട്രാന്‍സിസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ച് കൊണ്ടോട്ടിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡുചെയ്തു.

കരിപ്പൂരില്‍ 1.22 കോടിയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 2545 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കരിപ്പൂരിലെത്തിയ രണ്ടു യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായിരുന്നു സ്വര്‍ണവേട്ട.

മലപ്പുറം തിരുനാവായ സ്വദേശിയില്‍നിന്ന് 1.45 കിലോഗ്രാം സ്വര്‍ണസംയുക്തമാണ് കണ്ടെടുത്തത്. ഇതേ വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിയില്‍നിന്ന് 1.061 കിലോഗ്രാം സ്വര്‍ണസംയുക്തവും കണ്ടെടുത്തു. ഇതില്‍നിന്നാണ് 2.545 കിലോ സ്വര്‍ണം കണ്ടെടുത്തത്. ഗുളികരൂപത്തിലാക്കി ശരീരത്തിലും ധരിച്ചിരുന്ന പാന്റിന്റെ ലൈനിങ്ങിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണത്തിന് 1.22 കോടി രൂപ വിലവരും.

കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ ഗംഗന്‍ദീപ് രാജ്, ടി.എന്‍. വിജയ, ശിവാനി, ഇന്‍സ്‌പെക്ടര്‍മാരായ രോഹിത്ത് ഖത്രി, അരവിന്ദ് ഗുല എസ്. പരിവേദ്, പി. മഹോഹരന്‍, കെ.സി. മാത്യു എന്നിവരാണ് സ്വര്‍ണംപിടികൂടിയത്.