കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ നേതാവായ മഞ്ചേരി സ്വദേശി അറസ്റ്റില്‍. മഞ്ചേരി മംഗലശ്ശേരി ഉമ്മത്തൂര്‍ ഫൈസല്‍ (41) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി. ടിപ്പര്‍ ലോറിയടക്കം 17 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 21-ന് കള്ളക്കടത്ത് സ്വര്‍ണത്തിനു സംരക്ഷണമൊരുക്കാന്‍ കരിപ്പൂരിലെത്തിയ സംഘവുമായി അടുത്തു ബന്ധമുള്ളയാളാണ് ഫൈസല്‍. പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു സാധനങ്ങള്‍ കവര്‍ന്ന സംഭവത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഫൈസല്‍ രണ്ടു കേസിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയെ ഫൈസലിന്റെ മഞ്ചേരിയിലെ ഫ്‌ളാറ്റിലെത്തിച്ചാണ് സാധനങ്ങള്‍ കവര്‍ന്നത്. കേസിലെ മറ്റു പ്രതികളെ പോലീസ് പിടികൂടിയതോടെ മുങ്ങിയ ഇയാള്‍ ഗൂഡല്ലൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തിരികെ മഞ്ചേരിയിലെത്തിയ ഇയാള്‍ സുഹൃത്തായ യുവതിയുടെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്.

മഞ്ചേരി കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കുന്ന ഫൈസലിനു ലഹരിക്കടത്തു സംഘങ്ങളുമായി ബന്ധമുള്ളതായും പോലീസ് പറഞ്ഞു. ക്വട്ടേഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ മഞ്ചേരി, അരീക്കോട് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. 2012-ല്‍ ഇയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം മുഖംമൂടി ധരിച്ച് അരീക്കോട്ടെ ഒരുവീട്ടില്‍ കയറി കവര്‍ച്ച നടത്തിയ കേസും ഇതിലുള്‍പ്പെടും.

ജില്ലാപോലീസ് മേധാവി സുജിത് ദാസ്, ഡിവൈ.എസ്.പി. കെ. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വഷിക്കുന്നത്.