തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. ശാഖാകുമാരിയുടെ പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അരുണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ശനിയാഴ്ച പുലർച്ചെയോടെ കൊലപാതകം നടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറകളും കണ്ടെത്തി. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് കൂടൂതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് സൂചന.
വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുൺ ആദ്യം നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ദുരൂഹത ഉയർന്നതിനാൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഒക്ടോബർ 20-നാണ് ശാഖയും അരുണും വിവാഹിതരായത്. നാല് വർഷത്തോളം നീണ്ട അടുപ്പത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ അരുണിന്റെ ബന്ധുക്കൾ വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞതിന് പിന്നാലെ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളും ഉടലെടുത്തു. വിവാഹ ഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വിവാഹം രജിസ്റ്റർ ചെയ്യാൻ നിർബന്ധിച്ചതും അരുണിനെ പ്രകോപിപ്പിച്ചു. ഇരുവരുടെയും പ്രായവ്യത്യാസം പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കിയതും അരുണിന് നാണക്കേടായി. ഇതിനിടെ. ശാഖയിൽനിന്ന് പത്ത് ലക്ഷത്തോളം രൂപയും കാറും അരുൺ സ്വന്തമാക്കിയിരുന്നു. സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Content Highlights:karakkonam shakha murder case postmortem completed in medical college