കാൺപുര്‍: കുഴിച്ചുമൂടപ്പെട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലിനല്‍കി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍ക്കാരായ സ്ത്രീയും മകളും ചേര്‍ന്നാണ് കഴുത്തറുത്ത് കൊന്നത്. ഇവരെയും സ്ത്രീയുടെ ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 

അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. കുട്ടിയെ കാണാത്തതിനാല്‍ അമ്മയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെ അയല്‍ക്കാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെ അയല്‍ക്കാരിയുടെ ഇളയമകന്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. കാണാതായ പെണ്‍കുട്ടിയെ തന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും മൃതദേഹം ആറ്റില്‍ തള്ളിയെന്നുമായിരുന്നു  മൊഴി. തുടര്‍ന്ന് പോലീസ് സംഘം പരിശോധന നടത്തി മൃതദേഹം കണ്ടെടുത്തു. പിന്നീട് അയല്‍ക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പെണ്‍കുട്ടിയെ ബലിനല്‍കിയതാണെന്ന വിവരം ലഭിച്ചത്. 

കുഴിച്ചുമൂടപ്പെട്ട നിധിക്ക് വേണ്ടി മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നല്‍കിയതെന്നായിരുന്നു പ്രതികളുടെ മൊഴി. ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇരുവരും അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴുത്തില്‍ മാരകമായ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്ത് ദിവസം മുമ്പാണ് മരിച്ചത്. ഏറെനാളായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. ഈ മരണത്തിന്റെ ദുഃഖം വിട്ടൊഴിയും മുമ്പേയാണ് അഞ്ച് വയസ്സുകാരിയെയും കുടുംബത്തിന് നഷ്ടമായത്. 

Content Highlights: kanpur woman and daughter killed five year old girl as part of sacrifice to discover treasure