കാന്‍പുര്‍:  ഭാര്യയുടെ ആഗ്രഹപ്രകാരം അവരെ കാമുകനൊപ്പം പറഞ്ഞയച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശി പങ്കജ് ശര്‍മയാണ് ഭാര്യയായ കോമളിന്റെ പ്രണയം സാക്ഷാത്കരിച്ച് നല്‍കിയത്‌.

ഭാര്യയ്ക്ക്‌ മറ്റൊരാളുമായി പ്രണയമുണ്ടെന്ന വിവരമറിഞ്ഞതിന് പിന്നാലെ കാമുകനൊപ്പം ജീവിക്കാന്‍ പങ്കജ് അനുവാദം നല്‍കുകയായിരുന്നു. കാമുകനുമായുള്ള വിവാഹത്തിന് അഭിഭാഷകനെ ഉള്‍പ്പെടെ ഏര്‍പ്പാടാക്കി നല്‍കിയതും പങ്കജായിരുന്നു. 

ഗുരുഗ്രാമില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന പങ്കജ് ശര്‍മയും കോമളും കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ അന്നുമുതല്‍ കോമള്‍ ഭര്‍ത്താവുമായി അകലംപാലിച്ചു. ഭര്‍ത്താവിനോട് സംസാരിക്കുക പോലും ചെയ്തില്ല. അഞ്ച് മാസമായിട്ടും ഇത് തുടര്‍ന്നതോടെ ഭാര്യയോട് പങ്കജ് തുറന്നുചോദിക്കുകയായിരുന്നു. ഇതോടെയാണ് പിന്റു എന്നയാളുമായി താന്‍ പ്രണയത്തിലാണെന്നും കാമുകനെ വിവാഹം കഴിക്കാനാണ് തന്റെ ആഗ്രഹമെന്നും കോമള്‍ വെളിപ്പെടുത്തിയത്. 

ഇക്കാര്യം പങ്കജ് കോമളിന്റെ ബന്ധുക്കളെ അറിയിച്ചു. ഇവര്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതോടെ ഗാര്‍ഹിക പീഡന വിരുദ്ധ സെല്ലിന് മുന്നിലും ആശ ജ്യോതി സെന്ററിലും പരാതിയെത്തുകയായിരുന്നു. 

തുടര്‍ന്ന് അധികൃതര്‍ ദമ്പതിമാരെയും കാമുകനെയും ബന്ധുക്കളെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലും യുവതി തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ഭാര്യയെ കാമുകനൊപ്പം വിടാന്‍ തയ്യാറാണെന്ന് പങ്കജ് അറിയിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോമളും പിന്റുവുമായുള്ള വിവാഹം. വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പങ്കജായിരുന്നു. ഇവരുടെ ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.  

Content Highlights: kanpur native allowed his wife to live with her lover and arranged all things for her marriage