കണ്ണൂർ: വിളക്കോട് പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷ്(32) ആണ് ബുധനാഴ്ച രാവിലെ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മെയ് 20-ാം തീയതി നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ: യു പി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്.സി.-എസ്.ടി. വകുപ്പ് പ്രകാരവും കേസെടുത്തത്.

ഡിവൈഎഫ്ഐ- സി പി എം പ്രവർത്തകനായ നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Content Highlights:kannur tribal girl rape case accused dyfi worker arrested