കണ്ണൂർ: ഒന്നരവയസ്സുകാരനായ മകനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യയെ നാർകോ അനാലിസിസിന് വിധേയമാക്കണമെന്ന് ഹർജി. കേസിലെ കൂട്ടുപ്രതിയും ശരണ്യയുടെ കാമുകനുമായ വാരം സ്വദേശി നിധിനാണ് അഭിഭാഷകൻ മഹേഷ് വർമ്മ വഴി ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നിധിനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് തടസമായതിനെ തുടർന്ന് കൊലപാതകം നടത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി. എന്നാൽ ഈ മൊഴി വാസ്തവവിരുദ്ധമാണെന്നാണ് നിധിന്റെ ആരോപണം. മാത്രമല്ല, കേസിലെ സാക്ഷിയായ പാലക്കാട് സ്വദേശിയായ യുവാവുമായി ശരണ്യയ്ക്ക് ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു. ശരണ്യ നൽകിയത് തെറ്റായ മൊഴിയാണെന്നും നാർകോ അനാലിസിസിന് വിധേയമാക്കിയാൽ തന്റെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും നിധിൻ ആരോപണമുന്നയിച്ചിട്ടുണ്ട്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒക്ടോബർ 19-ന് ഹർജി പരിഗണിക്കും.

ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ശരണ്യ ആദ്യം പറഞ്ഞത്. എന്നാൽ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി. പിന്നാലെ കാമുകനായ നിധിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights:kannur toddler murder lover filed plea against saranya