കണ്ണൂര്‍: മോഷണക്കേസിലും ജയില്‍ചാട്ടക്കേസിലും ജാമ്യം ലഭിച്ച തടവുകാരന് ജയിലിലും റെയില്‍വേ സ്റ്റേഷനിലും യാത്രയയപ്പ്. റെയില്‍വേ സ്റ്റേഷനില്‍വെച്ച് ജയില്‍ സൂപ്രണ്ടിന്റെ കാലില്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അജയ് ബാബുവിന് വണ്ടിയില്‍ രക്ഷാധികാരിയായി പട്ടാളക്കാരനെയും കിട്ടി.

കണ്ണൂര്‍ ജയിലിന്റെ ചരിത്രത്തിലെ അപൂര്‍വമായ ഒരു യാത്രയയപ്പ് ചടങ്ങാണ് ശനിയാഴ്ച നടന്നത്. കാസര്‍കോട്ടുവെച്ച് മോഷണക്കേസില്‍ പിടിയിലായ അജയ്ബാബു മാര്‍ച്ച് 25-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുകയും ഏപ്രില്‍ മൂന്നിന് ജയില്‍ ചാടി പിറ്റേന്ന് വീണ്ടും പിടിയിലായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലെത്തുകയുമായിരുന്നു.

ജയില്‍ചാട്ടത്തിന്റെ പേരില്‍ ജയിലിലെ നാലു ജീവനക്കാര്‍ സസ്‌പെന്‍ഷനിലായിരുന്നു. എന്നിട്ടും ജാമ്യത്തിനും യാത്രയയപ്പിനും മുന്‍കൈയെടുത്തത് ജയിലധികൃതര്‍. വൈകീട്ട് മംഗള എക്‌സ്പ്രസ്സിലാണ് അജയ്ബാബു സ്വന്തം നാടായ ഹാമിര്‍പുരിനടുത്ത ഝാന്‍സിയിലേക്ക് പോയത്. ജയില്‍ സൂപ്രണ്ട് ടി.കെ.ജനാര്‍ദനന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുദീപന്‍, അസി. പ്രിസണ്‍ ഓഫീസര്‍മാരായ പ്രദീപ് മോഹന്‍, ഷാജി എന്നിവര്‍ അജയ്ബാബുവിനെ റെയില്‍വേ സ്റ്റേഷനിലേക്ക് അനുഗമിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥരും പോലീസുകാരുമെല്ലാം യാത്രയയപ്പിന് സാക്ഷികളായി.

രണ്ട് ജോഡി പുതുവസ്ത്രം, രണ്ടുദിവസത്തേക്കുള്ള ഭക്ഷണം എന്നിവയും പോക്കറ്റ് മണിയായി 500 രൂപയും കൊടുത്തപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ കാല്‍തൊട്ടുവന്ദിക്കാനായിരുന്നു അജയ് ബാബുവിന്റെ ശ്രമം. ഡല്‍ഹിയിലേക്ക് പോകുന്ന ഉത്തരേന്ത്യക്കാരനായ പട്ടാളക്കാരന്‍ തൊട്ടടുത്തുള്ള സീറ്റിലുണ്ടായിരുന്നതിനാല്‍ താത്കാലിക രക്ഷാധികാരിയായി.

Content Highlights: kannur prisoner went to his home after bail