തോട്ടട: കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രോണിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ഥി എസ്.അശ്വന്ത് (20) ആണ് മരിച്ചത്.

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന അശ്വന്തിനെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കോളേജ് അലങ്കരിക്കുന്നതില്‍ ചൊവ്വാഴ്ച വൈകുംവരെ അശ്വന്ത് സജീവമായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. പേരാമ്പ്ര കോട്ടൂര്‍ പഞ്ചായത്ത് നരയംകുളം മൂലാട് തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെയും സീമയുടെയും മകനാണ് അശ്വന്ത്. സഹോദരി: അശ്വതി (വിദ്യാര്‍ഥിനി, അവിടനല്ലൂര്‍ എച്ച്.എസ്.എസ്.).

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്റെ പരാതി...

എടക്കാട്: അശ്വന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ ടി.ശശി എടക്കാട് പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി ഒരുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്ന മകന്‍ ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നാണ് ശശി നല്‍കിയ പരാതിയിലുള്ളത്. 

സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും സംഭവസ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം അഴിച്ചു കിടത്തിയിരുന്നു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 30-ന് രാത്രി ഹോസ്റ്റലില്‍ പരിപാടി നടത്തിയെന്ന് അറിയാന്‍ കഴിഞ്ഞു. ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിക്ക് തലയ്ക്ക് മുറിവേറ്റതായി പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. അശ്വന്ത് ആത്മഹത്യചെയ്യാന്‍ ഒരുകാരണവും തങ്ങളുടെയോ പോളിടെക്നിക് അധികൃതരുടെയോ അറിവിലില്ല. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് ശശി പോലീസില്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)