പാട്യം(കണ്ണൂര്‍): കുഞ്ഞുങ്ങള്‍ കുടുംബപ്രശ്‌നങ്ങളുടെ ഇരകളായിമാറുന്നത് വലിയ സാമൂഹികപ്രശ്‌നമാണെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നില്‍ അച്ഛന്‍ പുഴയില്‍ തള്ളിയിട്ട് കൊന്ന ഒന്നരവയസ്സുകാരി അന്‍വിതയുടെ അമ്മ സോനയെ വീട്ടിലെത്തി ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യങ്ങള്‍ സാമൂഹികപ്രശ്‌നമായി കണ്ട് അത് പരിഹരിക്കാനുള്ള ശ്രമം കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകും. ഇപ്പോള്‍ സമൂഹത്തില്‍ മനസ്സ് തുറക്കാത്ത കുറേ കുറ്റവാളികളെ കാണുന്നുണ്ട്. നമുക്കവരെ കണ്ടെത്താനാകുന്നില്ല. സാമൂഹികബന്ധങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്‌നമാണിതിന് കാരണമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: 'എന്റെ പൊന്നുമോളോട് എന്തിനിത് ചെയ്തു, എനിക്കൊന്ന് പറഞ്ഞുതരാമോ' നെഞ്ചുപൊട്ടി കരഞ്ഞ് സോന...

വിവാഹശേഷമുള്ള സംഭവങ്ങളൊക്കെ സോന കമ്മിഷന്‍ ചെയര്‍മാനോട് വിശദീകരിച്ചു. സോനയുടെ വൈവാഹികജീവിതത്തില്‍ പ്രശ്‌നങ്ങളെന്ന് പറയാവുന്നത് ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളത് മാത്രമാണ്. അതിനപ്പുറം ഇവര്‍ തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നുവെന്നും എന്താണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. 

Read Also: ഒഴുക്ക് കാണാനെന്ന് പറഞ്ഞു, പിടിച്ചുനിന്ന ഭാര്യയെ ചെരിപ്പ് കൊണ്ടടിച്ച് വീണ്ടും തള്ളിയിട്ടു; ക്രൂരത...

കല്യാണം കഴിഞ്ഞ് ഏറെക്കഴിയുംമുന്‍പുതന്നെ സോനയുടെ സ്വര്‍ണം ഭൂരിഭാഗവും വിറ്റും പണയം വെച്ചും ഭര്‍ത്താവ് കെ.പി. ഷിജു ചെലവഴിച്ചിരുന്നു.സ്ഥിരമായി ആയിരക്കണക്കിന് രൂപയുടെ ലോട്ടറിയെടുക്കുന്ന ശീലം ഷിജുവിനുണ്ടായിരുന്നുവെന്നും ഭാഗ്യത്തില്‍ വിശ്വസിക്കുന്ന ആളായിരുന്നുവെന്നും സോന കമ്മിഷനോട് വെളിപ്പെടുത്തി. പണമിടപാട് പ്രശ്‌നത്തില്‍ ഒരു കുഞ്ഞിനെ കൊല്ലാന്‍ മാത്രമുള്ള കാരണമുണ്ടോയെന്നത് പരിശോധിക്കേണ്ടതാണെന്നും അത് പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും ചെയര്‍മാന്‍ പറഞ്ഞു. കതിരൂര്‍ എസ്.ഐ. വി. സതീശന്‍, പോലീസുകാരായ കെ. ബിജു, കെ. രജീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.പി. ഷിജു റിമാന്‍ഡിലാണ്. തെളിവെടുപ്പ് നടത്തുന്നതിനായി ഇയാളെ കസ്റ്റഡിയിലാവശ്യപ്പെട്ട് അടുത്തദിവസം കോടതിയില്‍ അപേക്ഷനല്‍കുമെന്ന് പോലീസ് പറഞ്ഞു.