കണ്ണൂര്‍: പാനൂരില്‍ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു.പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

തിങ്കളാഴ്ച ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. പത്താം ക്ലാസ് മോഡല്‍ പരീക്ഷ കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ഥിയെ ജിനീഷ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ആദ്യം വിദ്യാര്‍ഥിയുടെ മുഖത്തടിച്ച ഇയാള്‍ പിന്നീട് നിരന്തരം അടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യംചെയ്തായിരുന്നു മര്‍ദനം. 

അതേസമയം, വിദ്യാര്‍ഥിയെ ആളുമാറി മര്‍ദിച്ചെന്നാണ് ഓട്ടോ ഡ്രൈവര്‍ പിന്നീട് പറഞ്ഞത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം പാനൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്തുവന്നാലും പരാതിയില്‍നിന്ന് പിന്മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. 

Content Highlights: kannur panoor moral policing auto driver attacked school student