കണ്ണൂര്‍: ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് മുസ്തഫ. മകന്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ല. തന്റെ കണ്മുന്നില്‍വെച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറില്‍ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

അതിനിടെ, പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. 

കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലെ ഓപ്പണ്‍ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളില്‍ എത്തിച്ചത് സംബന്ധിച്ച് ബൂത്തിന് സമീപം സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന്‍ വാട്‌സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്. രാത്രി സുഹൈല്‍ എന്ന സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ഇരുപതോളം പേരടങ്ങുന്ന സംഘം മുഹ്‌സിനെ തിരഞ്ഞെത്തിയത്. തുടര്‍ന്ന് ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലുണ്ടായിരുന്ന മന്‍സൂറിനെ ആക്രമിക്കുകയായിരുന്നു. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറിലും ആക്രമണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായാണ് ലീഗിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെയും മുഹ്‌സിനെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മന്‍സൂര്‍ മരിച്ചു. 

Content Highlights: kannur panoor iuml worker murder his father's response about the incident