കോഴിക്കോട്: പാനൂര്‍ പുല്ലൂക്കര മുക്കില്‍പീടികയിലുണ്ടായ അക്രമങ്ങളില്‍ പരിക്കേറ്റ മന്‍സൂര്‍ (21) മരിച്ചത് ബോംബേറില്‍ കാലിനേറ്റ മുറിവില്‍നിന്ന് രക്തംവാര്‍ന്നതുകൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15-നാണ് മന്‍സൂര്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി മുക്കില്‍പീടികയിലുണ്ടായ ബോംബേറിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കണ്ണൂരിലും വടകര സഹകരണ ആശുപത്രിയിലും പരിശോധിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 2.15-നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുവന്നു. 4.15-ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മുസ്ലിംലീഗ് പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. സി.എച്ച്. ഡയാലിസിസ് സെന്ററിലെ മയ്യത്ത് നിസ്‌കാരത്തിനുശേഷം സ്വദേശമായ പെരിങ്ങത്തൂരിലേക്കു കൊണ്ടുപോയി.

മന്‍സൂറിന്റെ മരണവാര്‍ത്തയറിഞ്ഞ് ജില്ലയിലെ മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാവിലെ 11 മണിയോടെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു സമീപമെത്തിയിരുന്നു. എം.കെ. മുനീര്‍ എം.എല്‍.എ., കെ.പി.എ. മജീദ്, പി.എം.എ. സലാം, നൂര്‍ബിന റഷീദ്, എം.എ. റസാക്ക്, ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവര്‍ മെഡിക്കല്‍ കോളേജിലെത്തി.

ധര്‍മടം സി.ഐ. എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചത്. കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ബുധനാഴ്ച യു.ഡി.എഫ്. ഹര്‍ത്താല്‍ ആചരിച്ചു. സംസ്ഥാനതലത്തില്‍ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യൂത്ത് ലീഗ് പ്രതിഷേധമാര്‍ച്ച് നടത്തി.

ബൂത്തിലെ വാക്തര്‍ക്കമെത്തിയത് കൊലപാതകത്തില്‍

പെരിങ്ങത്തൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെത്തിയത് ചൊവ്വാഴ്ച പുല്ലൂക്കരയിലെ ബൂത്തില്‍ ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കവും വാക്കേറ്റവും.

മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന് ബൂത്ത് ഏജന്റിന്റെ ചുമതലയുണ്ടായിരുന്നു. തിരഞ്ഞെടുപ്പുദിവസം ഉച്ചയോടെ പുല്ലൂക്കരയിലെ തയ്യുള്ളതില്‍ എല്‍.പി. സ്‌കൂള്‍ ബൂത്ത് പരിസരത്ത് യൂത്ത് ലീഗ്, സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. ഇതില്‍ പരിക്കേറ്റ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ ആശുപത്രിയിലുമായി. ഇതുസംബന്ധിച്ച പരാതിയില്‍ ചൊക്ലി പോലീസ് കേസെടുത്തു. ഇവിടെ പിന്നീട് ശക്തമായ പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു.

വോട്ടെടുപ്പ് അവസാനിച്ചശേഷമാണ് മുക്കില്‍പീടികയില്‍ അക്രമം തുടങ്ങിയത്. നേരത്തേയുണ്ടായ അക്രമത്തിനു പകരംവീട്ടുമെന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീഷണിയുണ്ടായതായി യൂത്ത് ലീഗ് നേതൃത്വം പറയുന്നു. ഈ വിവരം പോലീസിനെ അറിയിച്ചിരുന്നതായി എം.എസ്.എഫ്. സംസ്ഥാന ഖജാന്‍ജി സി.കെ. നജാഫും പറഞ്ഞു. ഭീഷണിക്കാര്യം അറിയിച്ചിട്ടും പോലീസ് വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.

ലക്ഷ്യം താനെന്ന് സഹോദരന്‍

അക്രമികള്‍ ലക്ഷ്യമിട്ടത് തന്നെയാണെന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഹ്സിന്‍ പറഞ്ഞു. ഇദ്ദേഹം യൂത്ത് ലീഗിന്റെ സജീവപ്രവര്‍ത്തകനാണ്. സംഭവം നടക്കുന്നതിനിടെ പരിസരത്തുനിന്ന് നാട്ടുകാര്‍ ഒരാളെ പിടികൂടി. ബോംബ് സ്‌ഫോടനത്തില്‍ ഇവിടത്തെ വീട്ടമ്മയുടെ ചെവി തകരാറിലായി.

സംഭവത്തിനുശേഷം കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമെത്തി ഒരു സി.പി.എം. പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. നാട്ടിലെത്തിച്ച മൃതദേഹം മോന്താല്‍വഴി വിലാപയാത്രയായി പെരിങ്ങത്തൂര്‍ എന്‍.എ.എം. സ്‌കൂള്‍ മൈതാനത്തും മുക്കില്‍പീടികയിലും പൊതുദര്‍ശനത്തിനു വെച്ചു.

Content Highlights: kannur panoor iuml worker murder