പാട്യം(കണ്ണൂര്‍): തലശ്ശേരി പാത്തിപ്പാലം ചെക്ക് ഡാമില്‍നിന്ന് ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിടുകയും മകള്‍ മരിക്കുകയുംചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തലശ്ശേരി കുടുംബക്കോടതി ജീവനക്കാരന്‍ പത്തായക്കുന്നിലെ കുപ്യാട്ട് കെ.പി. ഷിജുവിനെ (37) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കതിരൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മട്ടന്നൂരില്‍നിന്ന് പ്രതിയെ കതിരൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിമുതല്‍ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഷിജു കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയായ ഭാര്യ സോന (25) യെയും മകള്‍ ഒന്നവരയസ്സുകാരി അന്‍വിതയെയുമാണ് ഇയാള്‍ പുഴയില്‍ തള്ളിയിട്ടത്. അന്‍വിത മുങ്ങിമരിച്ചു. സോനയെ സമീപവാസികള്‍ രക്ഷപ്പെടുത്തി.

സംഭവശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഷിജു ഓട്ടോറിക്ഷയില്‍ മുത്താറിപ്പീടികയിലെത്തി അവിടെനിന്ന് കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെത്തുകയായിരുന്നു. ഭാര്യയുടെ മൊഴിപ്രകാരം വെള്ളിയാഴ്ചതന്നെ ഷിജുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സോനയുടെ ആഭരണങ്ങള്‍ പണയംവെച്ചത് തിരിച്ചെടുത്തുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്കുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ ശമ്പളം കൈകാര്യം ചെയ്തിരുന്നതും ഷിജുവാണ്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ സംഭവസ്ഥലം സന്ദര്‍ശിച്ചു.

കൊല ആസൂത്രിതമെന്ന് സൂചന

ഭാര്യയെയും കുഞ്ഞിനെയും കൊലപ്പടുത്താന്‍ ദിവസങ്ങള്‍ക്കുമുന്‍പുതന്നെ ഷിജു തീരുമാനിച്ചതായി പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദര്‍ശനം നടത്തി തിരിച്ച് സന്ധ്യയോടെയാണ് ബൈക്കില്‍ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്. ബൈക്ക് കുറച്ചകലെ നിര്‍ത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക് ഡാമിലെത്തി. മകള്‍ അന്‍വിതയെയുമെടുത്ത് മുന്നില്‍ നടന്ന ഷിജു ഡാമിന്റെ മധ്യത്തിലെത്തിയപ്പോള്‍ മുണ്ട് അഴിച്ചുടുക്കട്ടെയെന്ന് പറഞ്ഞ് കുഞ്ഞിനെ ഭാര്യയുടെ കൈയില്‍ കൊടുത്തു. ഉടന്‍ രണ്ടുപേരെയും പുഴയില്‍ തള്ളിയിട്ടു. സോനയുടെ കൈയില്‍നിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കില്‍പ്പെട്ടു. ചെക്ക് ഡാമിന്റെ വശങ്ങളില്‍ പിടിച്ചുനിന്ന സോനയെ ഷിജു തന്റെ ചെരിപ്പഴിച്ച് കൈയിലടിച്ച് പിടിവിടുവിച്ച് ഒഴുക്കില്‍പ്പെടുത്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട താന്‍ കുറച്ചകലെയുള്ള കൈതക്കാട്ടില്‍ പിടിച്ചുനില്ക്കുകയായിരുന്നുവെന്നും സോന പോലീസിന് മൊഴി നല്‍കി.

രക്ഷിച്ചത് സമീപവാസികള്‍

സന്ധ്യയോടെ വീടിന്റെ കോലായിലിരിക്കെ പുഴയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അവിടേക്ക് പോയതെന്ന് സമീപവാസിയും റിട്ട. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ അനന്തന്‍ പറഞ്ഞു.

പുഴക്കരയിലെത്തിയപ്പോള്‍ രക്ഷിക്കണേയെന്ന നിലവിളിയാണ് കേട്ടത്. ഒരാള്‍ ഓടിമറയുന്നതും കണ്ടു. പുഴയില്‍ കൈതക്കാട്ടില്‍ പിടിച്ചുനില്ക്കുന്ന യുവതിയെ കണ്ടപ്പോള്‍ കയറുമായി വന്ന രണ്ടുപേര്‍ പുഴയിലിറങ്ങി രക്ഷിച്ചു. അപ്പോഴാണ് കുഞ്ഞ് ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി കരഞ്ഞുകൊണ്ട് പറഞ്ഞത്. പിന്നീട് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാത്തിപ്പാലത്തിനടുത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.

വെള്ളിയാഴ്ച രാവിലെ ഷിജുവിന്റെ ജ്യേഷ്ഠന്റെ മകന്റെ വിദ്യാരംഭച്ചടങ്ങില്‍ ഇയാളും ഭാര്യയും കുഞ്ഞും പങ്കെടുത്തിരുന്നു. ഇവര്‍ക്കായി പുതിയ വീടിന്റെ പണി നടക്കുകയാണ്.