കണ്ണൂര്‍: കതിരൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായി യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നത് ബോംബ് നിര്‍മാണത്തിനിടെയെന്ന് കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. 

സിമന്റ് ടാങ്കില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ നിജേഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തികള്‍ അറ്റുപോയി. 

വിഷുദിവസമായതിനാല്‍ പടക്കം പൊട്ടിയതാണെന്നാണ് പരിസരവാസികള്‍ ആദ്യം കരുതിയത്. എന്നാല്‍ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനമായതിനാല്‍ നാട്ടുകാരില്‍ സംശയമുണ്ടായി. പിന്നാലെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. 

വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ യുവാവിന്റെ കൈപ്പത്തിയുടെയും വിരലുകളുടെയും അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ സ്ഥലത്ത് മഞ്ഞള്‍പൊടിയിട്ട് കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചതും കണ്ടെത്തി. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. 

Content Highlights: kannur kathirur bomb blast