പാനൂര്‍: രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു.

ചമ്പാട് തോട്ടുമ്മലില്‍ നള്ളക്കണ്ടിയില്‍ വാലിശ്ശേരി പ്രഭാകരനെ(68)യാണ് പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

സി.പി.എം. അരയാക്കൂല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന യു.പി.ദാമു, പ്രവര്‍ത്തകനായ തടത്തില്‍ ബാലന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 1979 ഏപ്രില്‍ ആറിന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

പാനൂരില്‍നിന്ന് തലശ്ശേരിക്ക് പോകുകയായിരുന്ന പ്രീത ബസ്സിലെത്തിയ എട്ടംഗ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ചമ്പാട്ടെ ബീഡിക്കമ്പനിയില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

തടത്തില്‍ ബാലന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യു.പി.ദാമു ഏപ്രില്‍ 24-നും മരിച്ചു. അക്രമത്തില്‍ പത്തോളം സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തിനുശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കുടുംബാംഗങ്ങളുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പിടികൂടാന്‍ സഹായകമായത്.

പയ്യന്നൂര്‍ എടാട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ചാണ് അറസ്റ്റുചെയ്തത്. സി.ഐ.യെക്കൂടാതെ പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.സന്തോഷ്, സി.പി.ഒ.മാരായ സുരേഷ്, ഹാഷിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം കോടതി റിമാന്‍ഡുചെയ്തു.

Content Highlights: kannur cpm workers murder; rss worker arrested after 41 years from panoor