കണ്ണൂര്‍:കണ്ണൂര്‍ പേരാവൂര്‍ കേന്ദ്രീകരിച്ച് മൂന്നംഗസംഘം നടത്തിയ സിനിമാത്തട്ടിപ്പില്‍ നായികനടിയും ഇരയായി. കോയമ്പത്തൂര്‍ കോളേജിലെ ഒരു അസി. പ്രൊഫസറും ഇപ്പോള്‍ സിസ്റ്റം അനലിസ്റ്റുമായ എറണാകുളം വാഴക്കാല സ്വദേശിയായിരുന്നു സിനിമയിലെ നായിക. ഓഡീഷന്‍ നടക്കുന്നുണ്ടെന്നറിഞ്ഞാണ് കണ്ണൂര്‍ പേരാവൂരിലെ മനോജ് താഴെപ്പുരയിലിന്റെ വീട്ടിലെത്തിയത്. സിനിമാത്തട്ടിപ്പിനും വഞ്ചാനാക്കുറ്റത്തിനും ഇയാള്‍ക്കും കൂട്ടാളികളായ മോദി രാജേഷ്, ചോദി രാജേഷ് എന്നിവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഓഡീഷന്‍ കഴിഞ്ഞശേഷം തന്നെ നായികയായി തിരഞ്ഞെടുത്തതായും പുതുമുഖ നായകനാണ് അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിനുശേഷം നായികയാവുന്നതിന് 10 ലക്ഷംരൂപ ആവശ്യപ്പെട്ടു. 10 ലക്ഷം എന്നു കേട്ടപ്പോള്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി അധ്യാപിക പറയുന്നു. പക്ഷേ, സംഘം വിടാന്‍ തയ്യാറായില്ല. നിര്‍ബന്ധം പിടിച്ചു. അഞ്ചുലക്ഷം വേണമെന്നായി. അവസാനം ഒരുലക്ഷം തരാമെന്ന് സമ്മതിക്കുകയായിരുന്നു -നടി പറഞ്ഞു. 2020 ഫെബ്രുവരിയിലായിരുന്നു പേരാവൂരില്‍ ആദ്യ ഷൂട്ടിങ്. അമ്മയ്ക്കും രണ്ട് കസിനുമൊപ്പം വന്ന തങ്ങള്‍ക്ക് മനോജിന്റെ വീട്ടിലെ ഒരു മുറിയാണ് താമസിക്കാന്‍ തന്നത് -അവര്‍ പറഞ്ഞു.

കഥയ്ക്ക് കൃത്യമായ ഒരു സ്‌ക്രിപ്റ്റോ മറ്റു സംവിധാനങ്ങളൊ ഒന്നും ഉണ്ടായില്ല. പലപ്പോഴും ഷൂട്ടിങ് നാടകമാണ് അവിടെ നടന്നതെന്ന് ബോധ്യപ്പെട്ടു. വെറുതെ എന്തൊക്കെയോ ഷൂട്ട് ചെയ്യുകയായിരുന്നു. ആദ്യമേ സംശയം തോന്നിയിരുന്നു. 2020 നവംബറിലായിരുന്നു രണ്ടാമത്തെ ഷെഡ്യൂള്‍. വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു സ്ഥലമൊരുക്കിത്തന്നു. അവിടെയും ഒരു മുറി മാത്രമായിരുന്നു. ചില ദിവസം ഭക്ഷണം പോലുംകിട്ടിയില്ല. ഇതേത്തുടര്‍ന്ന് ഞാന്‍ വഴക്കുകൂടി. തട്ടിപ്പിനെ കുറിച്ച് അവരുടെ വാട്സാപ് ഗ്രൂപ്പില്‍ എഴുതി. പലരും പറ്റിക്കപ്പെടുകയാണെന്നും പറഞ്ഞു.

ഇതോടെ തന്നെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കിയതായും നടി പറയുന്നു. ബോബന്‍ ആലൂംമൂടന്റെ മകളായി അഭിനയിക്കുന്നതിന് പല കുട്ടികളുടെ രക്ഷിതാക്കളോടും ഇവര്‍ പണം വാങ്ങിയിരുന്നു. പിണറായിലെ ഒരാളെയാണ് നായകനായി കൊണ്ടുവന്നത്. അദ്ദേഹത്തോടും അഞ്ചുലക്ഷം ചോദിച്ചതായി അറിഞ്ഞു. എത്ര കൊടുത്തു എന്നറിയില്ല. അഭിനയിക്കുന്നവരോടൊക്കെ പണം വാങ്ങുകയും ഷൂട്ടിങ് ചെലവ് അവരെക്കൊണ്ട് വഹിപ്പിക്കുകയും ചെയ്യുകയായിരുന്നു രീതി.

താന്‍ ഇപ്പോള്‍ മൂന്നു സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും രണ്ടാമത്തെ സിനിമ അടുത്ത ദിവസം ഇറങ്ങുമെന്നും നായികനടി പറഞ്ഞു. തട്ടിപ്പ് കമ്പനിയാണെന്ന് തോന്നിയതോടെയാണ് അതില്‍ നിന്ന് പിന്‍വലിഞ്ഞത് -നടി കൂട്ടിച്ചേര്‍ത്തു.

Content Highlights: kannur cinema shooting fraud case