കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് പുറത്തുനിന്നുള്ളവര്‍ മദ്യക്കുപ്പികള്‍ വലിച്ചെറിയുന്ന ചിത്രങ്ങള്‍ പുറത്ത്.

Kannur central prisonവ്യാഴാഴ്ച രാവിലെ 'മാതൃഭൂമി' ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ജയിലില്‍ മദ്യക്കുപ്പികളും കഞ്ചാവ് പൊതികളും മറ്റും എറിഞ്ഞുകൊടുക്കുന്നതായി വര്‍ഷങ്ങളായി പരാതിയുണ്ടെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ആദ്യമാണ്. വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്ന് ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ അന്വേഷണത്തിനായി ഉത്തരമേഖലാ ഡി.ഐ.ജി. എസ്.സന്തോഷിനെ ചുമതലപ്പെടുത്തി. വൈകീട്ട് അദ്ദേഹം ജയിലിലെത്തി അന്വേഷണം നടത്തി. പ്രത്യേക തെളിവുകള്‍ ഒന്നും ലഭിച്ചില്ല. വിശദമായ അന്വേഷണത്തിനായി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

രണ്ടുപേരാണ് മദ്യക്കുപ്പികള്‍ ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്നതായി ചിത്രത്തില്‍ കാണുന്നത്. സ്പെഷ്യല്‍ സബ്ജയിലിന്റെ സന്ദര്‍ശക പവലിയന് അടുത്തുവെച്ച് കുപ്പികള്‍ ജയിലിനുള്ളിലേക്ക് എറിയുന്നതാണ് ദൃശ്യങ്ങള്‍. സന്ദര്‍ശകരായി ഉള്ളില്‍ കടന്നവരാണ് ഇതിനു പിന്നിലെന്നു കരുതുന്നു.

മദ്യക്കുപ്പികള്‍ക്കു പുറമെ മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കാറുണ്ടെന്ന് നേരത്തേ പരാതിയുണ്ട്. എറിയുന്നതിനു മുന്‍പ് സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും വ്യക്തമായ വിവരം തടവുകാര്‍ക്ക് നല്‍കും. ജയിലില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും തകരാറിലാണ്.

നിരോധിത വസ്തുക്കള്‍ പുറത്തു നിന്ന് എറിഞ്ഞുകൊടുക്കുന്നതിനു പുറമെ ചെരിപ്പുകളിലും ഗുഹ്യഭാഗങ്ങളിലും വെച്ച് മയക്കുമരുന്നും മറ്റും ജയിലിനുള്ളിലേക്കു കടത്തുകയാണ് സാധാരണ ചെയ്യുന്നത്.

മാസങ്ങള്‍ക്കു മുന്‍പ് ജയിലിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ രണ്ടു ചാക്ക് ചെരിപ്പുകള്‍ ലഭിച്ചിരുന്നു പലതും പുതിയതാണ്. ചെരിപ്പുകളുടെ ഉള്‍വശം തുരന്ന നിലയിലായിരുന്നു.

സിംകാര്‍ഡുകള്‍, മയക്കുമരുന്ന്, മൊബൈല്‍ എന്നിവ ചെരിപ്പു മുറിച്ച് തിരുകി ഉള്ളിലേക്കു കടത്തിയിരിക്കാമെന്നാണ് സംശയം. അതിനിടെ ജയിലധികൃതര്‍ അറിയാതെ കഴിഞ്ഞമാസമാണ് തടവുകാര്‍ ടെലിവിഷന്‍ ജയിലില്‍ കടത്തി സ്ഥാപിച്ചത്. ഇത് ജയില്‍ സൂപ്രണ്ട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പഴയരീയിലിലുള്ള ടി.വി. ഉള്ളില്‍ കടത്തിയതിനു പിന്നില്‍ ഇത്തരം നിരോധിതവസ്തുക്കള്‍ കടത്തുകയും ലക്ഷ്യമാണെന്നു പറയുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Content highlights: Crime news, Kannur central prison, CCTV camera, Prison