മയ്യില്‍(കണ്ണൂര്‍): പതിനഞ്ചുകാരിയോടൊപ്പം തിരുച്ചിറപ്പള്ളിയില്‍ കഴിയുകയായിരുന്ന ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ നസറുദ്ദീനെയാണ് (23) മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതും സംഘവും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 29-നാണ് കൊളച്ചേരി പഞ്ചായത്ത് പരിധിയില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ ഓട്ടോറിക്ഷ ട്രിപ്പ് പോകാറുണ്ടായിരുന്ന നസറുദ്ദീന്‍ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ഇതു പ്രയോജനപ്പെടുത്തി കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മയ്യില്‍ പോലീസും തിരുച്ചിറപ്പള്ളി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച രാവിലെ ഇരുവരെയും കണ്ടെത്തിയത്. നസറുദ്ദീനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.