തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് എതിര്‍ സംഘത്തില്‍പ്പെട്ട പത്തൊമ്പതുകാരനെ വെട്ടിക്കൊല്ലുന്നതിനിടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളുടെ നില ഗുരുതരം.

Crimeകണ്ണമ്മൂല പുത്തന്‍പാലം വിദ്യാധിരാജനഗര്‍ സ്വദേശി വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനിടെ വിഷ്ണുവിന്റെ അമ്മ ബിന്ദു (35), ബന്ധു ലൈല (45) എന്നിവര്‍ക്കാണ് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുത്തന്‍പാലം സ്വദേശി ലല്ലു, ബാട്ടി മനു, പരട്ട അനി, രഞ്ജിത്ത്, ബോജി, പൂച്ച രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ ലല്ലുവിനെ സംഭവം നടന്ന രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചു പേരെ പാങ്ങോട് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പേട്ട പോലീസ് പിടികൂടിയത്.

യുവമോര്‍ച്ച കണ്ണമൂല യൂണിറ്റ് സെക്രട്ടറികൂടിയായ വിഷ്ണുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരപരിധിയില്‍ ബി.ജെ.പി. ശനിയാഴ്ച 12 മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിച്ചു. കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍പാലം രാജേഷിന്റെയും ഡിനിബാബുവിന്റെയും കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

ഡിനിബാബുവിന്റെ സഹോദരന്‍ സുനില്‍ബാബുവിനെ പുത്തന്‍പാലം രാജേഷിന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരം തീര്‍ക്കാന്‍ ഡിനിബാബുവും സംഘവും നാളുകളായി പദ്ധതി തയ്യാറാക്കുന്നുണ്ട്. സുനില്‍ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അരുണിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട വിഷ്ണു.

വിഷ്ണുവിന് ഗുണ്ടാസംഘവുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ഗുണ്ടാപ്പക തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന.

പുത്തന്‍പാലം രാജേഷിന്റെ സംഘത്തിലുള്ള ഒരാളുടെ വീട്ടില്‍ മാസങ്ങള്‍ക്കു മുമ്പ് ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുത്തന്‍പാലം രാജേഷ് ഇവിടെയുണ്ടെന്ന് കരുതിയായിരുന്നു അക്രമം.

എന്നാല്‍ അക്രമത്തില്‍ നിന്ന് രാജേഷ് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് ക്വട്ടേഷന്‍ സംഘം കണ്ണമ്മൂലയിലുള്ള വിഷ്ണുവിനെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വിഷ്ണുവിന്റെ വീട്ടില്‍ കയറിയ സംഘം വിഷ്ണുവിനെ വലിച്ചിറക്കി വെട്ടി. വെട്ടേറ്റ് ഓടിയ വിഷ്ണുവിനെ റോഡിലിട്ട് വീണ്ടും വെട്ടി. പിന്തുടര്‍ന്ന് വെട്ടിയതിനാല്‍ ആളുമാറി വെട്ടാനുള്ള സാധ്യത തീരെയില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. വിഷ്ണുവിനെ വെട്ടുന്നതിനിടെയാണ് വിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുവായ ലീലക്കും വെട്ടേറ്റത്. പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഡിനിബാബുവിന്റെ വീടിന് തൊട്ടടുത്താണ് പുത്തന്‍പാലം രാജേഷിന്റെ സംഘത്തില്‍പ്പെട്ട വിഷ്ണുവിന്റെയും വീട്. ഡിനിയുടെ വിവരങ്ങള്‍ പുത്തന്‍പാലം രാജേഷിന് ചോര്‍ത്തി നല്‍കിയിരുന്നത് വിഷ്ണുവാണെന്നാണ് സംശയിക്കുന്നത്. ഇത് കൊലപാതകത്തിന് കാരണമായതായി പോലീസ് സംശയിക്കുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ആറ് പേരും ഡിനിബാബുവിന്റെ സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. സംഭവം കഴിഞ്ഞ് സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പുത്തന്‍പാലം സ്വദേശി ലല്ലുവിനെ മെഡിക്കല്‍ കോളേജ് സി.ഐ. ബിനോയ് പിടികൂടി. ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ വിഷ്ണുവിന്റെ വീടിന് സമീപത്തെ ശശികല, കുട്ടന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു. അക്രമം നടത്തിയവരെ പിടികൂടാന്‍ പോലീസിനായില്ല.