കാഞ്ഞിരപ്പള്ളി: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരനെ കാണാതായിട്ട് 26 വര്‍ഷം. കാഞ്ഞിരപ്പള്ളി ആനക്കല്ല് പാറയില്‍ പരേതനായ ജലീലിന്റെയും റഷീദയുടെയും മകന്‍ താഹിറിനെ 1996 സെപ്റ്റംബര്‍ 20-നാണ് കാണാതാകുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിലാണ് കുട്ടിയെ കാണാതായത്. കാണാതായിട്ട് 26 വര്‍ഷമായിട്ടും താഹിറിനെ തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡരികിലെ വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. വീട്ടില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. ഈ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തും കടന്നുപോയ വാഹനങ്ങളിലുമെല്ലാം പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പോലീസ് അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയുമില്ല.

കുട്ടിയെ കാണാതായ സമയത്ത് അക്ഷന്‍കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധങ്ങളടക്കം നടത്തിയിരുന്നു. മുഖ്യമന്ത്രിയടക്കുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. താഹിറിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളതെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ അജി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം താഹിറിന്റെ രൂപസാദൃശ്യമുള്ള കുട്ടികളെ രണ്ടിടങ്ങളില്‍ നിന്ന് കണ്ടെത്തിയെങ്കിലും ഡി.എന്‍.എ. പരിശോധനയില്‍ പരാജയപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പ് താഹിറിന്റെ പിതാവ് മരണപ്പെട്ടു. ഇനിയും പ്രതീക്ഷ കൈവിടാതെ താഹിറിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

രണ്ട് പതിറ്റാണ്ട് മുമ്പ് പാലായിലും കുഞ്ഞിനെ തട്ടിയെടുത്തു... 

പാലാ: രണ്ടുപതിറ്റാണ്ട് മുമ്പ്‌നടന്ന കുഞ്ഞിനെ തട്ടിയെടുക്കല്‍ സംഭവത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ് പാലാ. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍നിന്നാണ് ജനിച്ച് ഏതാനും ദിവസം കഴിഞ്ഞ് കുഞ്ഞിനെ തട്ടിയെടുത്തത്. 2002-ലായിരുന്നു ഇത്.

പാലാ സ്വദേശിനിയുടെ കുഞ്ഞിനെ രാമപുരം സ്വദേശിയാണ് തട്ടിയെടുത്തത്. കുട്ടിയെ കുളിപ്പിക്കാനെന്ന് പറഞ്ഞ് നഴ്സിന്റെ വേഷത്തിലെത്തിയ യുവതി കടത്തിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ യുവതി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. യുവതി പ്രസവിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ തൊടുപുഴയിലെ ആശുപത്രി അധികൃതര്‍ക്ക് കുഞ്ഞിനെ സംബന്ധിച്ച് സംശയം തോന്നി. കുട്ടിയെ തട്ടിയെടുത്തത് സംബന്ധിച്ച് പാലായില്‍നിന്ന് വിവരം ലഭിച്ച ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരെ തെറ്റിധരിപ്പിക്കാനായിരുന്നു യുവതി ഇത്തരമൊരുനീക്കം നടത്തിയത്.