കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഹണി ട്രാപ്പില്‍ കൊച്ചിയിലെ വ്യാപാരിയെ കുടുക്കാന്‍ കൂട്ടുനിന്നത് പത്തിലധികം ഇടനിലക്കാര്‍. കഴിഞ്ഞദിവസം അറസ്റ്റിലായ നാലംഗ സംഘത്തിന്റെ മൊഴിയില്‍ ഇതിന് മുന്‍പും ഒട്ടേറെപ്പേരെ കുടുക്കിയതിന്റെ ചുരുള്‍ അഴിയുന്നു. ഏറ്റവും ഒടുവില്‍ ഇവരുടെ കെണിയില്‍പ്പെട്ട കൊച്ചി കടവന്ത്രയിലെ വ്യാപാരി സി.എ.സത്താറിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടിച്ചത്.

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ വാടകവീടാണ് കെണിയൊരുക്കുന്നവരുടെ താവളം. കാസര്‍കോട് നായന്മാര്‍മൂല സ്വദേശിനി സാജിദ, അരമങ്ങാനം സ്വദേശി എന്‍.എ.ഉമ്മര്‍, ഭാര്യ ഫാത്തിമ, പരിയാരം സ്വദേശി ഇക്ബാല്‍ എന്നിവരാണ് അറസ്റ്റിലായത്. സത്താറിനെ ഇവിടെയെത്തിക്കാന്‍ കൂട്ടുനിന്നത് കൊച്ചിയിലെയും കണ്ണൂരിലേയും കാസര്‍കോട്ടെയും ഇടനിലക്കാരാണ്. ഉമ്മറിന് ഒരു മകളുണ്ടെന്നും പ്രായം 25 വയസ്സെന്നും പറഞ്ഞ് 58 കാരനായ സത്താറിനെ വലയത്തിലാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് കാഞ്ഞങ്ങാട്ടെത്തിയ സത്താറിനെക്കൊണ്ട് സാജിദയെ വിവാഹം കഴിപ്പിച്ചു. സ്ത്രീധനമായി ഏഴരപ്പവന്‍ ആഭരണങ്ങള്‍ വാങ്ങി. രാത്രി സത്താര്‍ അറിയാതെ അയാളുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. കൊച്ചിയിലേക്ക് മടങ്ങിയ സത്താറിനെ ഫോണില്‍ വിളിച്ച് ഏഴുലക്ഷം രൂപ ആവശ്യപ്പെട്ടു. അപ്പോഴാണ് താന്‍ കെണിയിലകപ്പെട്ട കാര്യം സത്താര്‍ അറിയുന്നത്. ഉടന്‍ മൂന്നേ മുക്കാല്‍ ലക്ഷം കൊടുത്തു. വീണ്ടും പണം ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിച്ചത്. കല്യാണദിവസം സാജിദയുടെ കൈയില്‍ 15,000 രൂപ വിലമതിക്കുന്ന സെല്‍ഫോണും കൊടുത്തിരുന്നുവെന്ന് സത്താര്‍ പോലീസിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നാലംഗ സംഘത്തെ അറസ്റ്റുചെയ്തത്.

ഉമ്മറിനെയും ഭാര്യയെയും കല്ലഞ്ചിറയിലെ വീട്ടില്‍െവച്ചും സാജിദയെയും ഇഖ്ബാലിനെയും കാസര്‍കോട് നായന്‍മാര്‍മൂലയിലെ സാജിദയുടെ വീട്ടില്‍െവച്ചുമാണ് പോലീസ് പിടികൂടിയത്. നാലുപേരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് ബി.കരുണാകരന്‍ ജില്ലാ ജയിലിലേക്കയച്ചു.

കുടുംബമെന്ന് അറിയിക്കാന്‍ കുട്ടികളെയും എത്തിച്ചു

സാജിദയുടെ മാതാപിതാക്കളായി ഉമ്മറും ഫാത്തിമയും അഭിനയിച്ചത് സിനിമയിലെന്നപോലെ. എന്നാല്‍ സത്താറിന് സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. കുടുംബമെന്ന് തോന്നിക്കാന്‍ രണ്ട് കുട്ടികളെയും വീട്ടില്‍ പാര്‍പ്പിച്ചു. സാജിദയുടെ ഇളയ സഹോദരങ്ങളാണെന്നാണ് ഇവരെ പരിചയപ്പെടുത്തിയത്. സത്താര്‍ കൊച്ചിയിലേക്ക് മടങ്ങിയ ഉടന്‍ ആഭരണം വിറ്റ് ഇവര്‍ തുല്യമായി വീതിച്ചു. സത്താറിനെ തുടര്‍ച്ചയായി വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുംചെയ്യുന്നത് ഇടനിലക്കാരാണ്.