കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഇരിട്ടി മുഴക്കുന്ന് വിളയക്കാട്ടെ പി.സി. അഷ്റഫ് (50), കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ ചായിന്റടി അബ്ദുള്‍ ഹമീദ് മുസ്ലിയാര്‍ (41) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കാസര്‍കോട് നായന്മാര്‍മൂലയിലെ സാജിദ, ഉദുമ അരമങ്ങാനത്തെ ഉമ്മര്‍, ഭാര്യ ഫാത്തിമ, പരിയാരം ചെറുതാഴത്തെ ഇക്ബാല്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

കൊച്ചി കടവന്ത്രയിലെ വ്യാപാരി സത്താറിന്റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങിയത്. ഉമ്മറും ഫാത്തിമയും ചേര്‍ന്ന് മകളെന്നു പറഞ്ഞ് സാജിദയെ സത്താറിന് വിവാഹം ചെയ്തുകൊടുക്കുകയും ഇയാളില്‍നിന്ന് സ്ത്രീധനമായി ആറരപ്പവന്‍ സ്വര്‍ണം കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ സത്താര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊച്ചിയിലെയും കണ്ണൂരിലെയും കാസര്‍കോട്ടെയും പത്തിലേറെപ്പേര്‍ ഇടനിലക്കാരായുണ്ട്. ബുധനാഴ്ച അറസ്റ്റിലായ അഷറഫാണ് സത്താറിനെ കാഞ്ഞങ്ങാട്ടെത്തിച്ചത്. വിവാഹത്തിന് കൂട്ടുനിന്നയാളാണ് അബ്ദുള്‍ഹമീദ്. പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.