കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് നെല്‍വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. 

സംഭവം നടന്ന സ്ഥലത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികള്‍. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

തങ്ങള്‍ കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതാണെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. അപ്പോഴാണ് കാവലിരുന്ന രണ്ടുപേര്‍ക്ക് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയന്‍ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. 

ജയനോടൊപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാലംഗ സംഘം കോട്ടത്തറയില്‍ നിന്ന് വണ്ടിയാമ്പറ്റയിലെത്തി ഇവരുടെ നെല്‍വയലില്‍ കൃഷിക്ക് കാവലിരിക്കുകയായിരുന്നു. ആ സമയത്താണ് ഇവര്‍ക്ക് വെടിയേറ്റത്.

Content Highlights: Kambalakkad murder, Wayanad