കല്പറ്റ: ടൗണിലെ മൊബൈൽ കടയിൽനിന്ന് ലക്ഷങ്ങൾ വില മതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിടികൂടി. നേപ്പാൾ സ്വദേശികളായ വീരേന്ദ്ര നേപ്പാളി (ആദിത്യൻ-21), സൂരജ് (19), ഡൽഹി സ്വദേശി മൻജീദ് (20) എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിൽനിന്നാണ് ഇവർ തൊണ്ടിമുതൽ സഹിതം പിടിയിലായത്.

ഏപ്രിൽ 28-നാണ് കല്പറ്റ ടൗണിലെ ക്ലാസിക് മൊബൈൽ എന്ന സ്ഥാപനത്തിൽ ഇവർ മോഷണം നടത്തിയത്. മോഷണത്തിനുശേഷം കോഴിക്കോട്ടും പിന്നീട് കണ്ണൂരിലേക്കും പോയി. മോഷ്ടിച്ചതിൽ ഒരു ഫോൺ കണ്ണൂരിൽ വിറ്റു. തുടർന്ന് കാസർകോട്ടെത്തി. ഇവിടെനിന്ന് തീവണ്ടി മാർഗം ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായത്.

കല്പറ്റ ജെ.എസ്.പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.പി. സ്ക്വാഡും ആർ.പി.എഫ്. അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. 28-ന് വൈകുന്നേരത്തോടെ പ്രതികൾ കാസർകോട്ടുണ്ടെന്ന് വിവരം കിട്ടിയ ഉടൻ അന്വേഷണസംഘം വയനാട്ടിൽ നിന്ന് കാസർകോട്ടേക്ക് തിരിച്ചിരുന്നു.

അന്നുവൈകുന്നേരം ആറരയോടെ പ്രതികൾ മൂന്നുപേരും കാസർകോട് നിന്ന് തീവണ്ടി കയറിയിരുന്നു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായും മുംബൈക്ക് സമീപമുള്ളതായും വ്യക്തമായത്. ഇതോടെ ആർ.പി.എഫുമായി ബന്ധപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ആർ.പി.എഫിലെ കോഴിക്കോട് എസ്.ഐ. സുനിൽ കാസർകോട് ആർ.പി.എഫ്. എസ്.ഐ. അനിൽ കുമാർ മഡ് ഗോവ ആർ.പി.എഫ്. ക്രൈം ആൻഡ് ഇന്റലിജൻസ് ഇൻസ്പെക്ടർ വിനോദ്, കല്യാൺ ആർ.പി.എഫ്. എ.സി.പി., ഷഹൻഷ എന്നിവരുടെ സഹായവും പ്രതികളെ പിടികൂടാൻ തുണയായി.

കല്പറ്റ സി.ഐ. പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. പി. ജയചന്ദ്രൻ പോലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാൻ, വിപിൻ കെ.കെ. ഷാലു ഫ്രാൻസിസ്, കല്പറ്റ എസ്.ഐ. ഷൈജിത്ത്, ടി. ജ്യോതിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 28-ന് പുലർച്ചെ നടന്ന മോഷണത്തിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ കഴിഞ്ഞത് പോലീസിനും വലിയ നേട്ടമായി. 18 ഐ ഫോണുകളും വിലകൂടിയ മറ്റുകമ്പനികളുടെ പതിനൊന്നോളം മൊബൈൽ ഫോണുകളും വാച്ചുമാണ് കടയിൽനിന്ന് കവർന്നത്.

17 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. കടയുടെ പിൻഭാഗത്ത് എയർ കണ്ടീഷൻ ഘടിപ്പിച്ച ഭാഗത്തെ ചുമർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Content Highlights: kalpetta mobile phone theft all accused arrested from mumbai