പാറശ്ശാല: സ്‌പെഷ്യല്‍ എസ്‌.െഎ.യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശത്തുനിന്നും പതിനെട്ടുപേരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തിപ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തവരില്‍ മൂന്നുപേര്‍ തമിഴ്നാട്ടിലെ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ ക്യു ബ്രാഞ്ച് സംഘം വിവിധ സ്ഥലങ്ങളിലായി ചോദ്യംചെയ്യുകയാണ്. പിടിയിലായവരില്‍ തിരുവനന്തപുരം ജില്ലയുടെ കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശത്ത് നിന്നുള്ളവരും ഉള്‍പ്പെടുന്നു. കേസിലെ പ്രധാന പ്രതികള്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ പിടിയിലായതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

കളിയിക്കാവിള, തിരുവിതാംകോട്, തക്കല, കോട്ടാറിനു സമീപം ഇളങ്കട, എന്നിവിടങ്ങളില്‍ നിന്നാണ് 18 പേരെ ചൊവ്വാഴ്ച രാത്രി ക്യു ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ രണ്ടുപേര്‍ രാമനാഥപുരം ജില്ലക്കാരും ഒരാള്‍ തിരുനെല്‍വേലി ജില്ലയില്‍നിന്നുള്ള ആളുമാണെന്ന് ക്യു ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.

രാമനാഥപുരം, തിരുനെല്‍വേലി ജില്ലയിലുള്ളവര്‍ എന്താവശ്യത്തിനാണ് അതിര്‍ത്തിപ്രദേശത്ത് എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പോലീസിന്റെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ആദ്യം ബന്ധുവീടുകളില്‍ എത്തിയതെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. എന്നാല്‍, ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇവരെ പോലീസ് ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്കു മാറ്റി. മറ്റ് പതിനഞ്ച് പേരെയും വിവിധ സ്ഥലങ്ങളിലായി ചോദ്യംചെയ്തു വരുന്നു. പിടിയിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

Content Highlights: kaliyikkavila tamilnadu ssi murder; tamilnadu q branch investigation