പാറശ്ശാല: അതിര്‍ത്തി ചെക്പോസ്റ്റില്‍ പോലീസ് ഉദ്യോസ്ഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്ന ക്യൂ ബ്രാഞ്ച് സംഘം സംസ്ഥാനാതിര്‍ത്തി പ്രദേശത്തെ ഇരു സംസ്ഥാനങ്ങളിലെയും 16 പേരുടെ ഫോണ്‍രേഖകള്‍ പരിശോധിക്കുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണിത്. ഇവരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍രേഖകള്‍ പരിശോധിക്കാനാണ് തീരുമാനം. 16 പേരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍വിളികളുടെ വിശദവിവരം കൈമാറണമെന്നാവശ്യപ്പെട്ട് ക്യൂ ബ്രാഞ്ച് അതത് സര്‍വീസ് ദാതാക്കള്‍ക്ക് ശനിയാഴ്ചതന്നെ കത്തുനല്‍കി. ക്യൂ ബ്രാഞ്ച് വിശദമായി പരിശോധിക്കുന്നവയില്‍, ഇപ്പോള്‍ ഉപയോഗിക്കാത്തതായ ഫോണ്‍ നമ്പരുകളും ഉള്ളതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

അതിര്‍ത്തിപ്രദേശത്ത് പ്രതികളുമായോ പ്രതികള്‍ ബന്ധപ്പെട്ടിരുന്ന മറ്റുള്ളവരുമായോ വിളിച്ചിട്ടുള്ളവരെയാണ് നിരീക്ഷിച്ചുവരുന്നത്. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ തീവ്രസ്വഭാവമുള്ള സംഘടനയ്ക്ക്, അതിര്‍ത്തിപ്രദേശത്തുനിന്ന് സാമ്പത്തികസഹായം ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കളിയിക്കാവിള സ്വദേശിയും ഇപ്പോള്‍ അന്വേഷണസംഘം അന്വേഷിക്കുന്നതുമായ ഒരു യുവാവ് വഴിയാണ് സാമ്പത്തികസഹായം ലഭിച്ചിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ നിരവധിത്തവണ പ്രതികളും കളിയിക്കാവിള സ്വദേശിയായ യുവാവും അതിര്‍ത്തിയില്‍ നേരിട്ടെത്തിയാണ് സാമ്പത്തിക സഹായം കൈമാറിയിരുന്നതെന്ന് പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

സംഘടനയ്ക്കു സാമ്പത്തികസഹായം ചെയ്തവരെ ക്യൂ ബ്രാഞ്ച് നിരീക്ഷിച്ചുവരികയാണെന്നും ഇതുസംബന്ധിച്ചു വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍തന്നെ അവരെ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: kaliyikkavila ssi murder; tamilnadu q branch inquiry