തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് എസ്.എസ്‌.ഐ (സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍) വില്‍സണെ വെടിവച്ചുകൊന്ന ശേഷം രക്ഷപ്പെട്ട പ്രതികള്‍ വലയിലാകുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചത് തെന്മലയില്‍ പിടിയിലായ സംഘത്തില്‍നിന്ന്. കഴിഞ്ഞ ദിവസം തെന്മല പാലരുവിയില്‍നിന്നു പിടിയിലായ ആറംഗസംഘത്തെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചത്. തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് കേരള, കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതോടെ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

രണ്ടുദിവസം മുമ്പാണ് തമിഴ്നാട് തിരുനെല്‍വേലിയില്‍ നിന്നുള്ള ആറംഗസംഘത്തെ തെന്മല പാലരുവിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇവരെ തമിഴ്നാട് പോലീസ് വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇരുവരും മഹാരാഷ്ട്രയിലെ രത്നഗിരിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ സംഘം മഹാരാഷ്ട്രയിലേക്കു തിരിച്ചു.

മഹാരാഷ്ട്രയില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതികള്‍ക്ക് തോക്ക് നല്‍കിയ ഇജാസ് പാഷ ബെംഗളൂരു പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കര്‍ണാടകയിലേക്കു കടന്നുവെന്ന വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വെരാവെല്‍ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരും പിടിയിലാവുകയായിരുന്നു.

വില്‍സന്റെ കൊലപാതകശേഷം തമിഴ്നാട് പോലീസിന്റെ പത്ത് സംഘങ്ങളായിരുന്നു അന്വേഷണം നടത്തിയിരുന്നത്. പാറശ്ശാല-കളിയിക്കാവിള മേഖലയില്‍നിന്നു നിരവധിപേരെ ചോദ്യംചെയ്തിരുന്നു. ഇതോടൊപ്പം നിരവധി ഫോണ്‍കോളുകളും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളാണ് തെന്മലയില്‍ ആറംഗസംഘം കുടുങ്ങുന്നതിനു കാരണമായത്.

ഇവരില്‍നിന്നു പ്രതികളിലേക്ക് എത്താനുള്ള വിവരങ്ങളും ലഭിക്കുകയായിരുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭൂരിഭാഗംപേരെയും പോലീസ് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരുമായി ബന്ധമുള്ള രണ്ടുപേരെ പോലീസിനു കണ്ടെത്താനുമായിട്ടില്ല.

വില്‍സണ്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തമിഴ്നാട് ഡി.ജി.പി. ജെ.കെ.ത്രിപാഠിയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു.

ഒപ്പം തമിഴ്നാട് പോലീസും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ക്യൂ ബ്രാഞ്ചിന് കേരളത്തില്‍നിന്നുള്ള വിവരങ്ങള്‍ സംസ്ഥാന പോലീസും കൈമാറി. ഇരുവരും നേരത്തെതന്നെ കൊലപാതകക്കേസുകളില്‍ പ്രതികളായിരുന്നു. ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

സംസ്ഥാന അതിര്‍ത്തിയിലെ ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരള പോലീസും അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ തമിഴ്നാട് പോലീസ് സംഭവസ്ഥലത്തും നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലും തെളിവെടുപ്പിനു കൊണ്ടുവരും. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിലൂടെ കേരളത്തിലുള്ളവരുമായി ബന്ധമുണ്ടോയെന്ന കാര്യത്തിലും വ്യക്തതയുണ്ടാവും.

മുഖ്യപ്രതികളുടെ കസ്റ്റഡി: വിവരം നല്‍കിയത് തോക്ക് എത്തിച്ചയാള്‍

മംഗളൂരു : കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ്.എസ്.ഐ.യെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു സഹായകമായത് കേസില്‍ നേരത്തേ പിടിയിലായ ഇജാസ് പാഷയില്‍നിന്നു ലഭിച്ച വിവരങ്ങള്‍.

ഇജാസ് പാഷയെ തിങ്കളാഴ്ച ബെംഗളൂരുവില്‍ പോലീസ് പിടികൂടിയിരുന്നു. വിത്സനുനേരെ വെടിയുതിര്‍ത്ത അബ്ദുല്‍ ഷെമീമിനും തൗഫീഖിനും തോക്ക് എത്തിച്ചുനല്‍കിയത് പാഷയാണ്. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും നീക്കം പോലീസ് മനസ്സിലാക്കിയതും പിടികൂടിയതും.

ഇരുവരെയും കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ കര്‍ണാടക പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍, കേരളത്തില്‍നിന്നെത്തിയ രണ്ടുപേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ ചിക്കമഗളൂരുവില്‍ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് കളിയിക്കാവിളയില്‍ എസ്.എസ്.ഐ. വില്‍സന്‍ വെടിയേറ്റുമരിച്ചത്.

നാലുപേരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയതെന്നും അബ്ദുല്‍ ഷെമീമും തൗഫീഖുമാണ് വെടിയുതിര്‍ത്തതെന്നുമാണ് പോലീസ് പറയുന്നത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടെത്തിയിട്ടില്ല. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള നിരോധിത സംഘടനയായ അല്‍-ഉമ്മയ്ക്ക് കൊലപാതകവുമായി ബന്ധമുള്ളതായി സൂചനയുണ്ട്.

2014-ല്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ കെ.പി. സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അബ്ദുള്‍ ഷെമീമും പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങി ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഈ കേസില്‍ പ്രതികളായിരുന്ന കാജാ മൊയ്തീന്‍, സെയ്ദലി നവാസ് എന്നിവരെ കഴിഞ്ഞദിവസം ഡല്‍ഹി പോലീസ് പിടികൂടിയിരുന്നു.

കാജാ മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്നാട്ടുകാരായ മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സെയ്ദ് എന്നിവരെ ബെംഗളൂരുവില്‍ തമിഴ്നാട് ക്യു ബ്രാഞ്ച് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇവരില്‍നിന്നുകിട്ടിയ വിവരങ്ങളും പോലീസിന് അബ്ദുള്‍ ഷെമീമിലേക്കെത്താന്‍ സഹായകമായി.

Content Highlights: Kaliyikkavila SSI Murder case, SSI Wilson Murder Case