പാറശ്ശാല: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ എസ്.ഐ.യെ വെടിവെച്ചുകൊന്നവരെ സഹായിച്ചെന്നു സംശയിക്കുന്ന യുവാവിനായി തമിഴ്നാട് ക്യു ബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും വ്യാപകമായി തിരച്ചിലാരംഭിച്ചു. കളിയിക്കാവിള പി.പി.എം. മുക്കിനു സമീപം പുന്നയ്ക്കാവിള സ്വദേശിയായ യുവാവിനായാണ് തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. അതിര്‍ത്തിപ്രദേശവും തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

കളിയിക്കാവിള സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ വിതുരയിലെ ഭാര്യവീട്ടിലാണു താമസം. തമിഴ്നാട് പോലീസ് സംഘം വിതുരയില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വെടിവെപ്പ് നടന്ന ദിവസം പകല്‍, പ്രദേശത്ത് ഇയാളുടെ സാന്നിധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ യുവാവിന് പ്രതികളുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്രതികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ താമസസൗകര്യം ഒരുക്കിയതും കളിയിക്കാവിളയില്‍ സഹായങ്ങള്‍ ചെയ്തതും ഇയാളുടെ നേതൃത്വത്തിലെന്നാണു കണ്ടെത്തിയിട്ടുള്ളത്.

ദൃശ്യങ്ങള്‍ ലഭിച്ചു

എസ്.എസ്.ഐ.യെ വെടിവച്ചുകൊന്ന കേസിലെ രണ്ടുപ്രതികളും എത്തിയത് കളിയിക്കാവിള ചന്തയുടെ ഭാഗത്തുനിന്നെന്ന് നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍. ബുധനാഴ്ച രാത്രി 9.18-ന് സ്ഥലത്തെത്തിയ ഇരുവരും ചെക്പോസ്റ്റില്‍ എത്രപേര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കൃത്യം ഒരു മിനിറ്റിനുശേഷം ഇരുവരും തിരികെ നടന്നുവരുന്ന രംഗവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ആര്യങ്കാവില്‍നിന്ന് പിടിയിലായവരില്‍ ഒരാള്‍ കൊലക്കേസ് പ്രതി

തെന്മല(കൊല്ലം): കേസില്‍ ആര്യങ്കാവില്‍നിന്ന് പിടിയിലായവരെ തെങ്കാശിയില്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നത് തുടരുന്നു. ആറംഗസംഘത്തെ കഴിഞ്ഞദിവസം പാലരുവിയില്‍നിന്ന് വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. നാലുപേര്‍ മാത്രമേ കസ്റ്റഡിയിലുള്ളൂവെന്നാണ് തമിഴ്‌നാട് പോലീസിന്റെ നിലപാട്. ഒരാള്‍ക്ക് തെങ്കാശിയില്‍ 12 വര്‍ഷംമുന്പു നടന്ന കൊലപാതകവുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

പ്രതിയുടെ ബാഗ് കണ്ടെത്തി

നെയ്യാറ്റിന്‍കര: കേസിലെ പ്രതികളിലൊരാളുടെ ബാഗ് കണ്ടെത്തി. നെയ്യാറ്റിന്‍കരയിലെത്തിയ പ്രതികളുടെ കൈവശം രണ്ട് ബാഗുകളുണ്ടായിരുന്നു. ഇതില്‍ ഒന്ന് ആരാധനാലയത്തിലുണ്ടായിരുന്ന ഒരാളെ ഏല്‍പ്പിച്ചിരുന്നു. ഇതാണ് ക്യു ബ്രാഞ്ച് കണ്ടെടുത്തത്. പ്രതികളുടെ വസ്ത്രങ്ങള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്.

പ്രതികളുമായി സംസാരിച്ചെന്നു കരുതുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇവരെ ഞായറാഴ്ച രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്.

Content Highlights: kaliyikkavila si murder, tamilnadu q branch investigation going on