വടകര: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വടകരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ ട്രെയിനില്‍ നിന്ന് വടകരയില്‍ ഇറങ്ങി വസ്ത്രം വാങ്ങുകയും ബാര്‍ബര്‍ ഷോപ്പില്‍ കയറുകയും ചെയ്തിരുന്നു. ഈ കടകളില്‍ എത്തിച്ചാണ് കന്യാകുമാരി ഡി.സി.പി യടക്കമുള്ള സംഘം തെളിവെടുപ്പ് നടത്തിയത്.

കൊലപാതകത്തിന് ശേഷം പ്രതികളായ തൗഫിക്കും ഷെമീമും മംഗലാപുരത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. ട്രെയിനില്‍ രക്ഷപ്പെടുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയിലടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അറിഞ്ഞു. ഉടന്‍ തന്നെ വടകര ഇരിങ്ങല്‍ റെയില്‍വേ ക്രോസിംഗില്‍ ഇറങ്ങി. ഇവിടെയുള്ള ബാര്‍ബര്‍ ഷോപ്പിലെത്തി മുടിയും താടിയും വെട്ടി മുഖത്ത് രൂപമാറ്റം വരുത്തുകയായിരുന്നു.

തുടര്‍ന്ന് ഇരിങ്ങലില്‍ നിന്ന് ബസ് മാര്‍ഗ്ഗം പുതിയ സ്റ്റാന്റിലെത്തി വസ്ത്രം വാങ്ങുകയും ആളൊഴിഞ്ഞ ബില്‍ഡിംഗില്‍ നിന്ന് വസ്ത്രം മാറുകയും ചെയ്തു. പിന്നീട് റെയില്‍വേ സ്റ്റേഷനിലെത്തി മംഗലാപുരത്തേക്കുള്ള യാത്ര തുടരുകയും ചെയ്തു. ബാര്‍ബര്‍ ഷോപ്പിലും വസ്ത്രാലയത്തിലും പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൂടാതെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു.

Content Highlights: kaliyikkavila asi murder; police conducts evidence taking with accused in vadakara