തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് എഎസ്‌ഐയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കുള്ളയാള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. കന്യാകുമാരി സ്വദേശി സെയ്ദ് അലിയാണ് പാളയത്തുനിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

മുഖ്യപ്രതികള്‍ക്ക് കേരളത്തിലടക്കം ഇയാള്‍ സഹായം ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. എഎസ്‌ഐ വില്‍സണ്‍ കൊല്ലപ്പെട്ടതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

മുഖ്യപ്രതികളായ തൗഫീഖ്, അബ്ദുള്‍ ഷമീം എന്നിവരുമായി അടുത്ത ബന്ധമുള്ള സെയ്ദ് അലിക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് മുമ്പ് ഇയാള്‍ കളിയിക്കാവിളയില്‍ എത്തി പ്രതികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതികള്‍ക്ക് വാടകവീട് ഏര്‍പ്പാടാക്കി നല്‍കിയതും ഇയാളാണ്. സെയ്ദ് അലിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: Kaliyikkavila murder case Tamil Nadu police