കാളികാവ്: അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച ആദിവാസിക്കുട്ടികളെ പോലീസുകാരൻ രക്ഷിച്ചു. ചേനപ്പാടി ആദിവാസിക്കോളനിയിലെ മനോനിലതെറ്റിയ യുവാവാണ് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാളികാവ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി. സജീഷിന്റെ ഇടപെടലാണ് മരണത്തിന്റെ വക്കിൽനിന്ന് കുട്ടികളെ രക്ഷിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് നാലും ഒന്നരയും വയസ്സുള്ള കുട്ടികളെ വാരിയെടുത്ത് യുവാവ് മലയിലേക്ക് ഓടിയത്. ഭാര്യ കണ്ടെങ്കിലും തടയാൻ കഴിഞ്ഞില്ല. കോളനിക്കാർ വിവരം പോലീസിനെ അറിയിച്ചു. പത്തുകിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽനിന്ന് പോലീസ് എത്താൻ സമയമെടുക്കും. തുടർന്ന് ചോക്കാട് അങ്ങാടിയിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരായ സജീഷിനേയും സോണിയയേയും വിവരമറിയിച്ചു. ഉടൻതന്നെ മലയിലെത്തിയ സജീഷ് കണ്ടത് ഒന്നരവയസ്സുള്ള കുട്ടിയെ മടിയിൽവെച്ച് പിതാവ് ഇരുകൈകളും അമർത്തി ശ്വാസം മുട്ടിക്കുന്നതാണ്.

പ്രായത്തിനനുസരിച്ച് വളർച്ചയെത്താത്ത നാലു വയസ്സുകാരൻ മലയിലൂടെ കറങ്ങിനടക്കുകയായിരുന്നു. സജീഷ് ആത്മധൈര്യം കൈവിടാതെ കുട്ടിയെ രക്ഷിക്കാൻ തന്ത്രപരമായ ശ്രമം നടത്തി. ബലപ്രയോഗത്തിന് മുതിരാതെ അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. അത് ഫലിച്ചു. അമർത്തിപ്പിടിച്ച കൈകൾ എടുത്തെങ്കിലും കുട്ടിയെ കൈമാറാൻ യുവാവ് തയ്യാറായില്ല.

ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങാൻ ഇയാൾ തയ്യാറായി. കാട്ടിലൂടെ അലഞ്ഞിരുന്ന നാലു വയസ്സുകാരനെ സജീഷും കൂടെക്കൂട്ടി. വീട്ടിലെത്തിയ യുവാവ് ഒന്നര വയസ്സുകാരനെ തറയിലേക്ക് എറിഞ്ഞു. തലയിണയിൽചെന്ന് വീണതിനാൽ കുട്ടി അപകടമില്ലാതെ രക്ഷപ്പെട്ടു.

കുട്ടികളെ കിട്ടിയതോടെ യുവാവിനെ മുറിയിലിട്ടടച്ചു. പോലീസ് ഭാര്യയെയും കുട്ടികളെയും ചിങ്കക്കല്ല് കോളനിയിലേക്ക് മാറ്റി. ഐ.ടി.ഡി.പി. അധികൃതരും ബന്ധുക്കളുമായി ചേർന്ന് യുവാവിനെ ചികിത്സക്ക് വിധേയമാക്കി. ഒന്നരവയസ്സുള്ള കുട്ടിയെ മുമ്പും കൈയ്യിൽ തൂക്കിപ്പിടിച്ച് എറിഞ്ഞ് കൊല്ലാൻ ഇയാൾ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് അന്ന് രക്ഷിച്ചത്.

കാളികാവ് പോലീസ് ഇൻസ്പെക്ടർ ജോഷി ജോസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ടി.പി. മുസ്തഫ, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അമ്മയേയും കുട്ടികളേയും മാറ്റി താമസിപ്പിച്ചതും യുവാവിന് ചികിത്സാസൗകര്യം ഒരുക്കിയതും.