മലപ്പുറം: കാളികാവില്‍ ഒന്നരവര്‍ഷം മുമ്പ് നടന്ന ദുരൂഹമരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. കാളികാവ് അഞ്ചച്ചവിടി മൈലാടിക്കല്‍ മരുതത്ത് മുഹമ്മദാലിയെ (51) ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുറ്റം സമ്മതിച്ച ഇരുവരെയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു.

ഉമ്മുസാഹിറ (42), പത്തനംതിട്ട ഉന്നക്കാവ് സ്വദേശി പള്ളിനടയില്‍ ജയ്മോന്‍ (37) എന്നിവരെയണ് അറസ്റ്റുചെയ്തത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തി. 

2018 സെപ്തംബര്‍ 21 -നായിരുന്നു മുഹമ്മദാലിയുടെ മരണം. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ഖബറടക്കുകയും ചെയ്തു. എന്നാല്‍, അടുത്തദിവസം ഭാര്യയേയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളേയും കാണാതായി. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മുഹമ്മദാലിയുടെ കുടുംബം പരാതി നല്‍കി.

ഉമ്മുസാഹിറയും മക്കളും സമീപത്തെ ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന ജയ്മോന്റെ കൂടെ പോയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ ആന്തരികാവയവത്തില്‍ വിഷാംശം കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ഉമ്മുസാഹിറയും ജയ്മോനും ശിവകാശിയിലാണെന്ന് മനസ്സിലായി. പോലീസ് അവിടെ എത്തിയപ്പോഴേക്കും ജയ്മോന്‍ മുങ്ങി. ഉമ്മുസാഹിറയെ കസ്റ്റഡിലെടുത്ത് നാട്ടിലെത്തിച്ചു. ചോദ്യംചെയ്യലില്‍ ഭര്‍ത്താവിന് ജയ്മോന്‍ വിഷം നല്‍കിയതാണെന്ന് അവര്‍ സമ്മതിച്ചു. തിങ്കളാഴ്ച രാത്രി ദിണ്ടിഗലില്‍ നിന്നാണ് ജയ്മോന്‍ പിടിയിലായത്.

ജയ്മോനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായാണ് വിവരമെന്ന് പോലീസ് മേധാവി പറഞ്ഞു. ശിവകാശിയിലേക്ക് നാടുവിടുമ്പോള്‍ കാളികാവിലെ ഭര്‍തൃമതിയായ മറ്റൊരു സ്ത്രീയും കൂടെയുണ്ടായിരുന്നു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സ്ത്രീ നാട്ടിലേക്ക് മടങ്ങി. നാട്ടിലെ ഒരു കേസില്‍ നിന്ന് മുങ്ങിയാണ് ജയ്മോന്‍ കാളികാവിലെത്തിയത്. ശിവകാശിയില്‍ ബനിയന്‍ കമ്പനിയിലായിരുന്നു ജോലി.

Content Highlights: kalikavu mohammed ali death; police confirmed murder and arrested his wife and lover