കല്പകഞ്ചേരി: കല്പകഞ്ചേരിയിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്നുനൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർകൂടി കല്പകഞ്ചേരി പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നും രണ്ടും പ്രതികളും വളവന്നൂർ പൂന്തോട്ടപ്പടി സ്വദേശികളുമായ ആറ്റുപുറത്ത് ഇഖ്ബാൽ (27), പരപ്പിൽ മുഹമ്മദ് ആഷിഖ് (28) എന്നിവരെയാണ് കല്പകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജയും സംഘവും അറസ്റ്റുചെയ്തത്.

ബുധനാഴ്ച പുലർച്ചെ മൂന്നിന് കോഴിക്കോട് വിമാനത്താവളത്തിൽവെച്ചാണ് ഇവർ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പീഡനവിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽപ്പോയ ഇവർ ഒരുമാസത്തിനുശേഷമാണ് പിടിയിലായത്. ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും പോയ ഇവർ അവിടെനിന്ന് സന്ദർശകവിസയിൽ ഗൾഫിലേക്ക് കടന്നു.

ഇതിനിടയിൽ കല്പകഞ്ചേരി സി.ഐ ഗൾഫിലെ മലയാളി കൂട്ടായ്മയുടെയും അസോസിയേഷനുകളുടെയും സഹായവുമഭ്യർഥിച്ച് സന്ദേശം നൽകി. സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനിടയിൽ സംശയാസ്പദമായ രീതിയിൽകണ്ട രണ്ടുപേരുടെ ഫോട്ടോ ദുബായിൽനിന്ന് സി.ഐയ്ക്ക് ലഭിച്ചു. അതുവഴി നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത്.

ദുബായ് പോലീസിലെ മലയാളി അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദുബായ് വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ഇവർക്കുള്ള വിമാനടിക്കറ്റ് കല്പകഞ്ചേരി സി.ഐ. നൽകുകയായിരുന്നു.ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജിയുടെ മേൽനോട്ടത്തിലാണ് കല്പകഞ്ചേരി പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.എസ്.ഐ മണികണ്ഠൻ, എ.എസ്.ഐ സി. രവി, സിവിൽ പോലീസ് ഓഫീസർമാരായ പി. ഷാജുകുമാർ, ഷാജു, ശൈലേഷ്, സോണി ജോൺസൺ, എം.എ. രജിത, നീന എന്നിവരാണ് സി.ഐയുടെ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.